കോന്നി – എത്രപറഞ്ഞിട്ടും കേൾക്കാത്ത, മാലിന്യമെറിയൽ ശീലമാക്കിയവർ കോന്നിയിലുണ്ടെങ്കിൽ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ’ തെളിവാക്കാൻ ഇവിടെയെല്ലാമുണ്ട് ക്യാമറകൾ! ശുചിത്വപാലനം സമ്പൂർണമാക്കി നാലാളെ അറിയിക്കാനും പ്രചോദനമേകാനും തുടങ്ങുമ്പോഴൊക്കെ മാലിന്യവുമായി വിരുതന്മാർ എത്തുന്നുവെന്ന് കണ്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി എന്ന ‘ആയുധം’ പ്രയോഗിക്കാൻ തീരുമാനിച്ചത്. തീരുമാനം കാലതാമസംകൂടാതെ നടപ്പിലാക്കുന്നതാണ് ഇപ്പോൾ കാണാനാകുക.
മാലിന്യസംസ്‌കരണം മികവുറ്റരീതിയിൽ നടപ്പിലാക്കുന്നതിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകൾ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. ആകെ 35 ക്യാമറകൾ. വാഹനങ്ങളുടെ നമ്പർപ്ലെയ്റ്റ് തിരിച്ചറിയാൻ കഴിയുംവിധമുള്ള ആധുനിക ക്യാമറകളാണ് എല്ലാം.
പഞ്ചായത്ത് കെട്ടിടത്തിൽ പ്രസിഡന്റിന്റെ ഓഫീസ് മുറിയിൽ നിന്നാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി കെ ദീപു ഉൾപ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാൽ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം, നടപടിയുമെടുക്കാം.
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്, നാരായണപുരം മാർക്കറ്റ്, മാലൂർ ഏല, പഞ്ചായത്ത് കടവ്, സെൻട്രൽ ജംഗ്ഷൻ തുടങ്ങി പഞ്ചായത്തിന്റെ പൊതുഇടങ്ങളിൽ ഇനിമുതൽ 24 മണിക്കൂർ നിരീക്ഷണം ഉണ്ടാകും. മാലിന്യകൂമ്പാരമായിരുന്ന പ്രദേശങ്ങൾ വൃത്തിയാക്കിയാണ് ക്യാമറകൾ ഉറപ്പിച്ചത്. പഞ്ചായത്തിലും സിസിടിവി സംവിധാനം ഏർപ്പെടുത്തി. പഞ്ചായത്തിന്റെ സമ്പൂർണശുചിത്വപ്രഖ്യാപനവും സി.സി.ടി.വി പ്രവർത്തനഉദ്ഘാടനവും മാർച്ച് 19 ന് നടത്തുമെന്ന് പ്രസിഡന്റ് ആനി സാബു തോമസ് വ്യക്തമാക്കി.
കോന്നിയിലെ 75 സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയ ഹരിത ടൗൺ- ഹരിത മാർക്കറ്റ് പ്രഖ്യാപനവും ഉടനുണ്ടാകും. എം എസ് എഫുകളും ബോട്ടിൽ ബൂത്തുകളും സജ്ജമാക്കി കഴിഞ്ഞു. ഹരിതകലാലയങ്ങളും അങ്കണവാടികളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സൗന്ദര്യവൽകരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ് എന്നും പ്രസിഡന്റ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

