പത്തനംതിട്ട ജില്ലയിലെ ശുചിമുറി മാലിന്യം കൊണ്ടുത്തള്ളിയത് കൊല്ലം ജില്ലയിലെ ശുദ്ധജലസംഭരണിയിൽ : പഞ്ചായത്ത് മെമ്പർ സമയോചിതമായി വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് പിടികൂടി

Kerala Kollam Pathanamthitta
Print Friendly, PDF & Email

അടൂർ: പത്തനംതിട്ട ജില്ലയിലെ ശുചിമുറി മാലിന്യം അതിർത്തി പ്രദേശം ആയ തെങ്ങമത്തിന് അടുത്ത് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് ആറാം വാർഡിലെ ഇടക്കാട് പെരുവിരുത്തിമലനട ദുര്യോധന ക്ഷേത്രത്തിനു സമീപം ഉള്ള ശുദ്ധജല സംഭരണിയിൽ കൊണ്ടുത്തള്ളി. അർദ്ധരാത്രിയിൽ മാലിന്യം കൊണ്ടുവന്നു തള്ളിയത് പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്തിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന് പിടികൂടി ശൂരനാട് പോലീസിൽ ഏൽപ്പിച്ചു. മുമ്പ് പല ദിവസങ്ങളിലും ഇത് പോലെ തള്ളിയ സംഭവങ്ങൾ ഉണ്ടായതിനാൽ നാട്ടുകാർ ജാഗ്രതയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്ക് ടാങ്കർ ലോറിയിൽ കൊണ്ടു വന്ന മാലിന്യം നിക്ഷേപിച്ചു കൊണ്ടിരുന്നത് രണ്ടാം വാർഡ് മെമ്പർ അരുണിന്റെ ശ്രദ്ധയിൽപ്പെട്ടു. ആൾക്കാരെ കൂട്ടിയപ്പോഴേക്കും ടാങ്കർ ലോറിയുമായി സ്ഥലം വിട്ടു. ഉടൻ ശൂരനാട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പഴകുളത്തു നിന്നും വാഹനം പിടികൂടി തിരിച്ചെത്തിച്ചു നിക്ഷേപിക്കപ്പെട്ട മാലിന്യം തിരിച്ചു ടാങ്കറിൽ കയറ്റി. ഇതേ ടാങ്കർ ഇതേ കുറ്റത്തിന് കഴിഞ്ഞ ദിവസം അടൂരിൽ പിടികൂടിയിരുന്നു. ഒന്നരലക്ഷം രൂപയാണ് പിഴ അടപ്പിച്ചത്. ഈ വാഹനം ആർഡിഓ റിക്കവറി നടത്തി പഞ്ചായത്ത് ലേലം ചെയ്യുമെന്ന് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു.

പത്തനംതിട്ട ജില്ലയിലുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർക്ക് മാലിന്യം എടുക്കുകയും, സംസ്കരിക്കുകയും ചെയ്യുന്ന വ്യവസായം ഉണ്ട്. പലരും ആളൊഴിഞ്ഞ റോഡരികുകളിലും, പമ്പാനദിയിലും കരകളിലും ഒക്കെയാണ് മാലിന്യം കൊണ്ടുത്തള്ളുന്നത്. ഈ വിഷയം ഉന്നയിച്ചു സമരങ്ങൾ നടത്തിയ പൊതു പ്രവർത്തകരെ ആക്രമിക്കാനും ഇവർ മടിച്ചില്ല.മാലിന്യ സംസ്കരണത്തിൽ ഭരണകൂടം പരാജയപ്പെട്ടിടത്ത് ഇതേപോലെയുള്ള സ്വകാര്യ വ്യവസായികളെ വളർത്തുന്നതിലും ഭരണകൂടത്തിനും പങ്കുണ്ട്. മാലിന്യ സംസ്കരണം മലയാളി സമൂഹത്തിനു നാളെകളിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ജീവന്മരണ വിഷയമാകും എന്നുറപ്പ്. ഈ വിഷയത്തെ നിസാരമായി കാണുന്ന രാഷ്ട്രീയക്കാർക്കെതിരെ റാന്നിയിലെ പായ വിരിച്ചു സമരം ചെയ്ത താന്നിക്കൽ ഇടിക്കുളയെ പോലുള്ള സാമൂഹിക പ്രവർത്തകരുടെ കൂടുതൽ ഇടപെടലുകൾ ആവിശ്യമാണ് എന്ന അഭിപ്രായമാണ് ടീം പത്തനംതിട്ടയ്ക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *