പത്തനംതിട്ട: പൂവൻകോഴിയെ പ്രതിയാക്കി തനിക്ക് മുന്നിൽ വന്ന കേസ് അടൂർ ആർ.ഡി.ഒ ഇടപെട്ട് പരിഹരിച്ചു. കോഴിയുടെ കൂട് മാറ്റി സ്ഥാപിക്കാൻ ഉത്തരവ് ഇട്ടു കൊണ്ടാണ് അയൽവാസിയുടെ പരാതി പരിഹരിച്ചത്. പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണനാണ് പരാതിക്കാരൻ. രാധാകൃഷ്ണന്റെ അയൽവാസിയായ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീട്ടിലെ കോഴിയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം.
പുലർച്ചെ മൂന്നിന് മുതൽ പൂവൻ കോഴി കൂവിത്തുടങ്ങുന്നത് മൂലം ഉറങ്ങാൻ പറ്റുന്നില്ലെന്നും സ്വര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർ.ഡി.ഒ.ക്ക് പരാതി നൽകിയത്. തുടർന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്‌നങ്ങൾ കേട്ടറിഞ്ഞ ശേഷം ആർ.ഡി.ഒ സ്ഥലത്ത് പരിശോധനയും നടത്തി. വീടിന്റെ മുകൾ നിലയിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു.
പ്രശ്‌നപരിഹാരമായി അനിൽ കുമാറിന്റെ വീടിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് താഴേക്ക് മാറ്റാനാണ് അടൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ ഉത്തരവിട്ടത്. കോഴിക്കൂട് വീടിന്റെ തെക്കു ഭാഗത്തേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നും ഉത്തരവിലുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

