മണ്ണിനടിയിലെ പൊന്നിൻകട്ട ; ‘കുഞ്ഞാറ്റ’ വിജയഗാഥയ്ക്ക് പത്തരമാറ്റ്

Pathanamthitta
Print Friendly, PDF & Email

പന്തളം – തെക്കേക്കര പഞ്ചായത്തിലെ ‘കുഞ്ഞാറ്റ’ കൃഷികൂട്ടം വിളയിക്കുന്നത് പൊന്‍തിളക്കമാര്‍ന്ന മഞ്ഞള്‍. അഞ്ചുവര്‍ഷത്തെ നിരന്തര പ്രയത്‌നമാണ് ‘തട്ട ബ്രാന്റ്’ എന്ന വിജയസംരംഭത്തിന് പിന്നില്‍. ജൈവകൃഷിരീതിയിലൂടെയാണ് ഉദ്പാദനം. ശുദ്ധമായ ഉത്പന്നമെന്ന ലക്ഷ്യമാണ് ഇങ്ങനെ സാധ്യമാക്കിയത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടിയാണ് വിപണിയിലെത്തിക്കുന്നത്.

കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ‘പ്രതിഭ’യെന്ന മഞ്ഞള്‍ വിത്ത് ഉപയോഗിച്ച് 2021-22 ജനകീയ ആസൂത്രണ പദ്ധതിയിലൂടെയാണ് തുടക്കം. 21 ഹെക്ടറിലാണ് വിത്തിട്ടത്. അത്യുത്പാദനശേഷി പ്രകടം- ഒരു ചുവട്ടില്‍ നിന്നും കിട്ടുന്നത് രണ്ട് കിലോയിലധികം.
മഞ്ഞളിന്റെ പൂര്‍ണവളര്‍ച്ചയ്ക്ക് 10 മാസത്തോളമാണ് വേണ്ടത്. വിളവെടുപ്പ് കാലത്ത് അഞ്ച് അടിയോളം ഉയരത്തിലാകും മഞ്ഞള്‍ചെടി.
വിളവെടുത്ത മഞ്ഞള്‍ നാരുംവേരും മാറ്റി കഴുകിവൃത്തിയാക്കി പുഴുങ്ങിഉണക്കിയോ പച്ചയ്ക്ക് അരിഞ്ഞ്ഉണക്കിയോ നിര്‍മാണ സ്ഥലത്ത് എത്തിക്കുന്നത്, ഇവിടെ മഞ്ഞള്‍ പൊടിച്ചു പായ്ക്കും ലേബലും ചെയ്യും. ‘തട്ട ബ്രാന്‍ഡ്’ ഇങ്ങനെയാണ് വിപണിയിലേക്ക് എത്തിക്കുന്നത്.
നിര്‍മാണ യൂണിറ്റിന് സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നല്‍കിയത് ഗ്രാമപഞ്ചായത്ത്. 2022 ലാണ് സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

മഞ്ഞളിന്റെ ഗുണം വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ക്രമാനുഗതമായി ആവശ്യക്കാര്‍ ഏറുന്നുണ്ടെന്ന് സംരംഭത്തെ നയിക്കുന്ന മെഴ്‌സി സാക്ഷ്യം. ഇക്കൊല്ലത്തെ വിളവിന്റെ നല്ലപങ്കും പൊടിയാക്കി വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. കുടുംബശ്രീ ഫെസ്റ്റുകളിലെ സ്ഥിരസാന്നിധ്യവുമാണ് ഉത്പന്നം. മായം ചേര്‍ക്കാത്ത ഇനമെന്ന ഖ്യാതിയാണ് മഞ്ഞളിന്റെ പ്രതിഭത്തിളക്കം. കിലോയ്ക്ക് 700 രൂപയാണ് വില. കാല്‍, അര, ഒരു കിലോ എന്നിങ്ങനെ വാങ്ങാം. വിപണിമൂല്യം കൂടുന്നതിന് അനുസൃതമായി ഉദ്പാദനവര്‍ധന പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *