സ്ത്രീകളിലെ അർബുദം: ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് തുടക്കം

Health Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(04) വൈകിട്ട് നാലിന് ഹാരിസൺസ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റിൽ അഡ്വ. കെ യു ജനീഷ് കുമാർ നിർവഹിക്കും. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ അധ്യക്ഷയാകും. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം അമ്പിളി എന്നിവർ മുഖ്യാതിഥികളാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, എസ്റ്റേറ്റ്, തൊഴിലാളി പ്രതിനിധികൾ പങ്കെടുക്കും.

സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗളാർബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ലോക ക്യാൻസർ ദിനമായ ഇന്ന് മുതൽ മാർച്ച് എട്ടു വരെയാണ് കാമ്പയിൻ. ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളിൽ ക്യാൻസർ നിർണയ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം. സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്നവർക്ക് സ്‌ക്രീനിങ്ങിനും ചികിത്സയ്ക്കുമുള്ള പിന്തുണാ സംവിധാനവും ഉറപ്പാക്കും. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം ‘എന്ന മുദ്രാഗീതത്തിലൂടെ സ്ത്രീകൾ സ്ത്രീകളോട് സംവദിക്കുന്ന കാമ്പയിൻ എല്ലാ ആരോഗ്യകേന്ദ്രങ്ങൾ, മേജർ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ക്യാൻസർ സ്‌ക്രീനിംഗ് നടത്തും.

ജനങ്ങളുടെ സംശയനിവാരണത്തിന് ചാറ്റ്ബോട്ട് സംവിധാനം ഏർപ്പെടുത്തും. കാമ്പയിന്റെ പ്രചാരണാർദ്ധം ഡോക്ടർമാരുടെ മ്യൂസിക്ക് ബാൻഡായ ‘റിംഗ് റോഡ് ബീറ്റ്‌സ് ‘പത്തനംതിട്ടയിൽ സംഗീത സായാഹ്നം നടത്തി. നഴ്സിംഗ് വിദ്യാർഥികൾ തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഇന്ന് (4) രാവിലെ എട്ടിന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് വിളംബരം ആരംഭിക്കും. ഉച്ചക്ക് രണ്ടുമുതൽ കുമ്പഴ എസ്റ്റേറ്റ് ആശുപതിയിൽ സ്ത്രീ തൊഴിലാളികൾക്കായി കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *