ന്യൂയോർക്ക് : പ്രധാനമന്ത്രി പദവിയും ലിബറൽ പാർട്ടി സ്ഥാനങ്ങളും രാജിവച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജയും എന്ന് റിപ്പോർട്ടുകൾ. ട്രൂഡോ സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്ന അനിത ആനന്ദാണ് പ്രധാനമന്ത്രിയാകാൻ സാദ്ധ്യത കൽപ്പിക്കപ്പെടുന്നവരുടെ മുൻനിരയിലുള്ളത് എന്നാണു റിപ്പോർട്ടുകൾ. പഞ്ചാബി – തമിഴ് ദമ്പതിമാരുടെ മകളാണ് 53 കാരിയായ അനിത. പാർട്ടിയിലും സർക്കാരിലും ജനപിന്തുണ നഷ്ടമായതോടെ തിങ്കളാഴ്ചയാണ് ട്രൂഡോ രാജി പ്രഖ്യാപിച്ചത്.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിൻറെ കൊലപാതകമുൾപ്പെടെ വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരേ നിരന്തരം ആരോപണങ്ങളുന്നയിച്ചുകൊണ്ടിരിക്കെയാണു ട്രൂഡോയുടെ പടിയിറക്കം. മാർച്ച് 24നാണ് ഇനി കനേഡിയൻ പാർലമെൻറ് ചേരുന്നത്. ഏറ്റവുമടുത്ത സമ്മേളനത്തിൽ ട്രൂഡോ സർക്കാരിനെതിരേ അവിശ്വാസം കൊണ്ടുവരുമെന്നു മൂന്നു പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത സമ്മേളനത്തിനു മുൻപ് പുതിയ നേതാവിനെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനാകും ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ശ്രമം. എന്നാൽ, ഈ മാസം 20ന് യുഎസ് പ്രസിഡൻറായി ഡോണൾഡ് ട്രംപ് ചുമതലയേറ്റശേഷമേ പുതിയ പ്രധാനമന്ത്രിയെക്കുറിച്ചു ക്യാനഡയിൽ ചർച്ചകൾ സജീവമാകാൻ ഇടയുള്ളൂ.

2019ൽ ഓക്വില്ലയിൽ നിന്ന് ആദ്യമായി പാർലമെൻറിലെത്തിയ അനിത ആനന്ദ് 2021 വരെ പബ്ളിക് സർവീസസ് മന്ത്രിയായിരുന്നു. ട്രഷറി ബോർഡ് പ്രസിഡൻറ്, നാഷണൽ ഡിഫൻസ് മന്ത്രി തുടങ്ങിയ പദവികളും വഹിച്ചു. അച്ഛൻറെ പൂർവികർ തമിഴ്‌നാട് സ്വദേശികളാണ്.
അമ്മയുടെ കുടുംബം പഞ്ചാബിൽ. ഇംഗ്ളണ്ടിൽ വച്ച് വിവാഹിതരായ ഡോക്റ്റർമാരായ മാതാപിതാക്കൾ പിന്നീട് ഇന്ത്യയിലും നൈജീരിയയും പ്രവർത്തിച്ച ശേഷമാണു ക്യാനഡയിലെത്തിയത്. യുഎസായിരുന്നു ലക്ഷ്യമെങ്കിലും നോവ സ്കോട്ടിയയിൽ താമസമാക്കുകയായിരുന്നു.

അനിതയെ കൂടാതെ ധനമന്ത്രി ഡൊമിനിക് ലിബ്ളെയ്നും സാദ്ധ്യത കൽപ്പിക്കുന്നുണ്ട്. എന്നാൽ, പ്രധാന പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റിവുകൾ സർക്കാർ രൂപീകരിക്കുമെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെയെങ്കിൽ പിയറി പൊലീയെവറായിരിക്കും പ്രധാനമന്ത്രി. ക്യാനഡയിൽ ഇതു പൊതുതെരഞ്ഞെടുപ്പു വർഷമാണ്. ഏതു സർക്കാർ വന്നാലും ഒക്റ്റോബർ വരെയേ കാലാവധിയുണ്ടാകൂ.. അന്താരാഷ്‌ട്ര നയതന്ത്ര വിഷയത്തിൽ എല്ലാ രാജ്യങ്ങളുടെയും പിന്തുണയാർജ്ജിക്കാവുന്ന ഒരു നേതാവായിരിക്കും അധികാരത്തിലെത്തുക എന്നതാണ് പ്രതീക്ഷിക്കപ്പെടുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

