അമ്മേ..കുടിക്കാൻ വെള്ളം തരുമോ.. എന്ന് ചോദിച്ചെത്തി വയോധികയുടെ മാല പറിച്ചോടി: മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

Crime
Print Friendly, PDF & Email

പത്തനംതിട്ട: കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ച് ഓടിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ ആശുപത്രിയുടെ എതിർവശം ഡിഡിആർസി ലാബിലേക്ക് പോകുന്ന വഴിയിൽ താമസിക്കുന്ന കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വർണമാലയാണ് മോഷ്ടാവ് കവർന്നു കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഊന്നുകൽ മുള്ളൻകുഴിക്കൽ വീട്ടിൽ സോമൻ (52) ആണ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാലപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

ഏലിയാമ്മ വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചപ്പോൾ ഇയാൾ അടുക്കളയിലെത്തി പിന്നിലൂടെ മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയിൽ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കൈയിലിരുന്നു. ബഹളം വച്ചപ്പോൾ ഇവരെ തള്ളി താഴെയിട്ട് കൈയിൽ കിട്ടിയ മാലയുടെ ബാക്കിയുമായി ഇയാൾ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാമ്മയുടെ ഇടതു കഴുത്തിൽ മുറിവുണ്ടായി. വയോധിക ബഹളമുണ്ടാക്കിയപ്പോൾ അതുവഴി പോയ യാത്രക്കാർ ഇയാളെ പിടിച്ച് വച്ചു. പോലീസും ഉടനടി സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു. സോമനും ഇയാളുടെ അനുജനും എലിയാമ്മയുടെ വീട്ടിൽ മുൻപ് ജോലി ചെയ്ത പരിചയം വീടുമായുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ ജെ യു ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *