മലയാളി ശാസ്ത്രജ്ഞക്ക് ചെനീസ് സർക്കാരിന്റെ അംഗീകാരം ; ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ വഴി ഒരു കോശത്തിൽ നിന്ന് 70 റബർ ചെടികൾ

Kerala Pathanamthitta World
Print Friendly, PDF & Email

മലയാളി ശാസ്ത്രജ്ഞക്ക് ചെനീസ് സർക്കാരിന്റെ അംഗീകാരം ; ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ വഴി ഒരു കോശത്തിൽ നിന്ന് 70 റബർ ചെടികൾ

പത്തനംതിട്ട: ലോകത്തിൽ ആദ്യമായി ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബർ തൈകൾ ഉൽപാദിപ്പിച്ചതിന് ചൈനീസ് സർക്കാരിന്റെ അവാർഡ് നേടി പത്തനംതിട്ട സ്വദേശിനിയായ മലയാളി ശാസ്ത്രജ്ഞ. അടൂർ അങ്ങാടിക്കൽ സ്വദേശിനി ഡോ: ജിനു ഉദയഭാനുവിനാണ് ചൈനീസ് സർക്കാരിന്റെ അവാർഡ് ലഭിച്ചത്. ചൈനയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റിയുട്ടിന് കീഴിൽ റബർ ചൈനീസ് അക്കാദമി ഓഫ് ട്രോപ്പിക്കൽ അഗ്രികൾച്ചറൽ സയൻസിൽ (ആർആർഐ) ശാസ്ത്രജ്ഞയാണ് ഡോ. ജിനു. മികച്ച ശാസ്ത്രീയവും സാങ്കേതികവുമായ നേട്ടങ്ങൾ കണ്ടുപിടിച്ചതിനുള്ള ചൈനീസ് ട്രോപ്പിക്കൽ ക്രോപ്‌സ് സൊസൈറ്റിയുടെ പ്രശസ്തി പത്രമാണ് ഡോ. ജിനു ഉദയഭാനുവിന് ലഭിച്ചത്. റബ്ബർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചൈനയുടെ ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന ചുമതലക്കാരിയാണ് ജിനു. കണ്ടുപിടുത്തത്തിന് കഴിഞ്ഞ വർഷം ചൈനീസ് നാഷണൽ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത അത്യുൽപ്പാദന ശേഷിയുള്ള റബ്ബർ തൈകൾ ജനിതക പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു ടിഷ്യൂവിൽ നിന്നും 20 റബർ തൈകൾ ഉൽപാദനം നടത്തി. ഇവയിൽ നിന്നും വീണ്ടും 70 റബർ തൈകൾ വർദ്ധിപ്പിക്കുന്നതാണ് കണ്ടുപിടിത്തം. മിനിസ്ട്രി ഓഫ് സയൻസ് ടെക്‌നോളജി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഫോറിൻ എക്‌സ്‌പെർട്ട് യങ് ടാലന്റ് പോളിസി വഴി ഫോറിൻ എക്‌സ്‌പെർട്ട് ആയി 2021 – 22 കാലയളവിൽ ഡോ. ജിനു ഉദയഭാനുവിന് ചൈനീസ് സർക്കാർ അവാർഡ് നൽകിയിരുന്നു. 2019-ൽ ഉയർന്ന കാര്യക്ഷമത ഉളള ജീൻ എഡിറ്റിങ് രൂപകൽപ്പന ചെയ്തതിന് റിസേർച്ച് ഡവലപ്പ്‌മെന്റ് ബ്യൂറോ ഓഫ് സി.സി.പി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി)യുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യ, ചൈന, മലേഷ്യ, തായ്‌ലാന്റ്, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങി പല രാജ്യങ്ങളിൽ ഉള്ള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തിൽ അത്യൂൽപാദന ശേഷിയുള്ളതും കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്നതും രോഗങ്ങൾ ചെറുക്കാൻ കഴിയുന്നതുമായ ജനിതക വ്യതിയാനം വരുത്തിയ റബ്ബർ ചെടികൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഡോ. ജിനു നടത്തി വരികയാണ്. 2019 – 2024 മാർച്ച് കാലയളവിൽ ചൈനീസ് റബർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ ജനിതക വ്യതിയാനം വരുത്തിയ റബർ ചെടികൾ ഉല്പാദിപ്പിച്ചു. ചൈനയിൽ ടിഷ്യൂ കൾച്ചർ തൈകൾ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. കംബോഡിയ, തായ്‌ലാന്റ് മുതലായ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. എന്നാൽ ആവശ്യത്തിനു അനുസരിച്ചുള്ള ഉൽപാദനം കുറവായിരുന്നു. ഈ വിഷയം ചൈനീസ് റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഡയറക്ടർമാർ ഡോ. ജിനുവിനോട് അവതരിപ്പിച്ചു. തുടർന്ന് വളരെ എളുപ്പവും ചെലവ് കുറവുള്ളതും സമയ നഷ്ടം ഇല്ലാത്തതുമായ ഒരു സാങ്കേതിക വിദ്യ ജിനു കണ്ടെത്തി. അങ്ങനെയാണ് ഒരു ടിഷ്യൂവിൽ നിന്ന് 70 തൈകൾ വരെ ഉൽപാദിപ്പിക്കാൻ കഴിഞ്ഞത്. പുതിയ സാങ്കേതിക വിദ്യ ടിഷ്യു കൾച്ചർ റബ്ബർ തൈകളുടെ ഉൽപ്പാദന നിരക്ക് വളരെ അധികം വർദ്ധിപ്പിക്കാൻ സാധിച്ചു. സാധാരണയായി ടിഷ്യു കൾച്ചർ പ്രക്രിയയിൽ ഒരു എക്‌സ് പ്ലാന്റിൽ നിന്നും 20 തൈകൾ ആണ് ലഭ്യമാവുന്നത്. എന്നാൽ ജിനു കണ്ടുപിടിച്ച പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു എക്‌സ് പ്ലാന്റിലൂടെ 70 ടിഷ്യൂ കൾച്ചർ തൈകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു. ചൈനയുടെ അഭ്യന്തര ആവശ്യങ്ങൾക്കുള്ള റബ്ബർ തൈകൾ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതിനും മറ്റു രാജ്യങ്ങളിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യാനും സാധിക്കുന്നു. ജനിതക വ്യതിയാനം നടത്താൻ ഉപയോഗിക്കുന്ന വൈറൽ പ്രൊമോട്ടേഴ്‌സിന് പകരം ചെടികളിൽ നിന്നു തന്നെ വേർതിരിച്ചെടുക്കാവുന്ന 3 പ്ലാസ് ബേസ്ഡ് പ്രമോട്ടേഴ്‌സിനെ കണ്ടുപിടിച്ചു. ഇതിന് ചൈനീസ് നാഷണൽ പേറ്റന്റ് ലഭിച്ചു.

ഈ നേട്ടങ്ങൾ കണക്കിലെടുത്ത് ചൈനീസ് ഗവൺമെന്റിന്റെ ഏറ്റവും പുതിയ പദ്ധതിയിൽ ജോലി ചെയ്യാൻ ജിനുവിന് സാധിച്ചു. 30 ൽ പരം അന്തർദേശീയ ലേഖനങ്ങൾ ജിനുവിന്റേതായി പുറത്തു വന്നിട്ടുണ്ട്. റബ്ബർ ചെടികളിലെ ഹെറ്ററോസൈഗസ് സ്വഭാവം കാരണം ജനിതകമാറ്റം വളരെ ദുഷ്‌കരമാണ്. പലപ്പോഴും, ജനിതകമാറ്റം നടന്നാൽ പോലും അതു പിന്നീടുള്ള വർഷങ്ങളിൽ നിലനിൽക്കാതെ അതിന്റെ യഥാർത്ഥ ജീനിനിലേക്ക് മാറുന്നത് ഗവേഷണങ്ങൾക്ക് തിരിച്ചടിയാകുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിൽ ആദ്യമായ് ഹോമോസൈഗസ് റബ്ബർ ചെടികൾ ഉല്പാദിപ്പിച്ചു. ഇതോടെ ഏതു റബർ ചെടികളും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ വികസിപ്പിക്കാൻ കഴിയും. ഈ കണ്ടുപിടിത്തം ചൈനയിൽ ദേശീയശ്രദ്ധ നേടി. ഇപ്പോൾ റബ്ബർ ഉൽപാദനത്തിലും കയറ്റുമതിയിലും ലോകത്ത് അഞ്ചാം റാങ്കിൽ നിൽക്കുന്ന ചൈനയ്ക്ക് ഒന്നാം റാങ്ക് എന്ന സ്വപ്നത്തിലേക്കുള്ള വഴിയാകും ഈ കണ്ടുപിടിത്തവും ഇനി വരുന്ന ഗവേഷണ ഫലങ്ങളും. ഇൻഡസ്ട്രിയൽ കോർപ്‌സ് ആൻഡ് സയൻസ് എന്ന ജേർണലിൽ ഇതു സംബന്ധിച്ച ജിനുവിന്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു.

പത്തനംതിട്ട ജില്ലയിൽ അടൂർ അങ്ങാടിക്കൽ പുതുശ്ശേരിൽ പരേതനായ വിമുക്തഭടൻ പി.കെ. ഉദയഭാനുവിന്റേയും റിട്ടേർഡ് ഹെഡ്മിസ്ട്രസ് സി.കെ. ഓമനയുടെയും മകളാണ് ഡോ. ജിനു ഉദയഭാനു. കോഴിക്കോട് കക്കോടി സ്വദേശി റിയാദിൽ ബിസിനസ്സ് നടത്തുന്ന ലിജീഷ് ആണ് ഭർത്താവ്. വർഷിക ആണ് മകൾ. ബയോടെക്‌നോളജിയിൽ ഡോക്‌ട്രേറ്റ് നേടിയിട്ടുള്ള ജിനു ഉദയഭാനു 2019 ജനുവരി മുതൽ ചൈനീസ് റബർ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിലാണ് സേവനം അനുഷ്ടിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *