പന്ത്രണ്ട് വിളക്ക് : ശബരിമലയിലും കല്ലേലിക്കാവിലും ഓച്ചിറയിലും വിശേഷാൽ പൂജകൾ നടന്നു

Kerala Alappuzha Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വൃശ്ചികത്തിലെ പന്ത്രണ്ടു വിളക്ക് മഹോൽസവുമായി ബന്ധപ്പെട്ട് മലകളെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലും വിശേഷാൽ പൂജകൾ നടന്നു .ശബരിമലയിൽ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ നടന്നപ്പോൾ കോന്നി കല്ലേലിക്കാവിൽ 41 തൃപ്പടി പൂജയും ആലവിളക്ക് തെളിയിക്കലും അച്ചൻകോവിൽ നദിയിൽ ആറ്റു വിളക്ക് തെളിയിക്കലും നടന്നു . വൃശ്ചികം ഒന്ന് മുതൽ പന്ത്രണ്ടു ദിനം ആണ് മധ്യ തിരുവിതാംകൂറിൽ ഭക്തർ വ്രതം നോക്കുന്നത് . ഓണാട്ടുകരയിലെ ഓച്ചിറയിൽ പർണ്ണശാല കെട്ടി വൃതം നോറ്റ് ഭജനമിരുന്നാണ് ഭക്തർ പന്ത്രണ്ടുവിളക്ക് ആചരിച്ചത്.

18 മലകൾ ഉള്ള ശബരിമലയിൽ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ പതിനെട്ടാം പടിയിൽ അർപ്പിച്ചു . 999 മലകൾക്ക് മൂലനാഥനായ കല്ലേലി ഊരാളി അപ്പൂപ്പൻ കുടികൊള്ളും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 41 തൃപ്പടികളിൽ തേക്കില നാക്ക് നീട്ടിയിട്ട്‌ അതിൽ ചുട്ട കാർഷിക വിളകളും ,വറ പൊടിയും മുള അരിയും അവലും മലരും പൂജാ വിധികളും വെച്ചു മന വിളക്ക് ,കളരി വിളക്ക് ,നട വിളക്ക് തെളിയിച്ചു പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും പ്രകൃതി സംരക്ഷണത്തിനും മാനവ കുലത്തിനും വേണ്ടി ഊരാളി മല വിളിച്ചു ചൊല്ലി . തുടർന്ന് അച്ചൻ കോവിൽ നദിയിലെ ജീവ ജാലങ്ങളെ ഉണർത്തിച്ചു ദീപ നാളങ്ങൾ കാഴ്ച വെച്ചു .കിഴക്കൻ പൂങ്കാവനത്തെയും കിഴക്ക് ഉദിമല മുതൽ പടിഞ്ഞാറ് തിരുവാർ കടൽ വരെ ഉള്ള കരകളെ ഉണർത്തിച്ചു . പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.

ഓച്ചിറയിലെ പ്രധാന വിശേഷമാണ് പന്ത്രണ്ട് വിളക്ക് മഹോത്സവം. പറച്ചിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേരും പരബ്രഹ്മത്തെ ധ്യാനിച്ചു നടത്തിയ പൂജകളെ അനുസ്മരിച്ചാണ് പന്ത്രണ്ടു വിളക്ക് മഹോത്സവം ആഘോഷിക്കുന്നത്. ഇതിനെ ഓർമ്മിപ്പിക്കുന്ന പന്ത്രണ്ടുവിളക്കുകളും ഇവിടെയുണ്ട്. ഈ പന്ത്രണ്ട് ദിവസങ്ങളിൽ ഇവിടെ കുടിലുകെട്ടി ഭജനമിരുന്ന് വ്രതമനുഷ്ടിച്ചാൽ മുജ്ജന്മ ദോഷങ്ങൾ പോലുമകന്ന് സർവ്വ ഐശ്വര്യങ്ങളും ലഭിക്കും. നവംബർ 17 മുതൽ 28 വരെയാണ് ഇത്തവണ ഓച്ചിറ വിളക്കുത്സവം. ഓച്ചിറ വിളക്ക് സമയത്തെ ക്ഷേത്ര ദർശനം പുണ്യകരവും ഐശ്വര്യദായകവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *