തിരുവല്ല: ലോട്ടറി, നാരങ്ങാവെള്ള കച്ചവടം നടത്തുന്ന തട്ടുകടക്കാരിയെ പരസ്യമായി അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത യുവാക്കളെ പുളിക്കീഴ് പോലീസ് ഉടനടി പിടികൂടി. കടപ്രയിൽ വാടകയ്ക്ക് താമസിച്ച് തട്ടുകട നടത്തുന്ന ആലപ്പുഴ സ്വദേശിനിക്ക് നേരേ ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് കൈയേറ്റം ഉണ്ടായത്. കടപ്ര നിരണം കറ്ററപ്പടി വീട്ടിൽ അജു എം. മാത്യു (30), ഇലഞ്ഞിമാം പള്ളത്ത് വീട്ടിൽ അഭിജിത്ത് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയിലെത്തിയ യുവാക്കൾ സ്ത്രീയോട് അപമര്യാദയായും ലൈംഗിക ചുവയോടെയും സംസാരിച്ചു. യുവതി എതിർത്തപ്പോൾ ഇയാൾ ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിക്കുകയും പിന്നിലൂടെ ചെന്ന് ചവിട്ടുകയുമായിരുന്നു. പിന്നീട് ഒന്നാംപ്രതി ക്ഷമ ചോദിച്ചുകൊണ്ട് കയറി പിടിക്കുകയും ഷാൾ വലിച്ചെറിയുകയും ചെയ്തു.
ഉടനെ തന്നെ സേ്റ്റഷനിൽ എത്തി വിവരമറിയിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉടനടി യുവാക്കളെ കസ്റ്റഡിയിലെടുത്തു. കേസ് എടുത്തതിനാൽ തുടർന്നും തനിക്കെതിരെ പ്രതികളുടെ ഉപദ്രവം ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് യുവതി മൊഴി നൽകി. ഇതിനെ തുടർന്ന് യുവതിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് പോലീസ് അപേക്ഷ സമർപ്പിച്ചു. പ്രതികൾ മുമ്പ് പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത ഓരോ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ കെ. സുരേന്ദ്രൻ, സതീഷ് കുമാർ, എസ്.സി.പി.ഓ സുദീപ്, സി.പി.ഓമാരായ സച്ചിൻ, രഞ്ജു, അഖിൽ, സന്ദീപ്, നവീൻ, റിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.


