പത്തനംതിട്ട: കുടുംബക്ഷേത്രത്തിൽ നിന്നും പിത്തളയിൽ തീർത്ത നിലവിളക്കും മണിയും ഗേറ്റ് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന അലൂമിനിയം പൈപ്പുകളും കവർന്ന പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി. കിടങ്ങന്നൂർ പുന്നമല പഴയ പള്ളി ആശുപത്രിക്ക് സമീപം തടുത്തു കാലായിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ശശി(49) ആണ് അറസ്റ്റിലായത്.
മെഴുവേലി തുണ്ടുകാട് ഗുരുമന്ദിരത്തിന് സമീപം അനിൽ നിവാസ് വീട്ടിൽ അനൂപ് കുമാറിന്റെ കുടുംബക്ഷേത്രത്തിൽ കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് 12 നും വൈകിട്ട് ആറുമണിക്കുമിടയിലാണ് അതിക്രമിച്ചു കടന്ന പ്രതി മോഷണം നടത്തിയത്. ആനക്കൊട്ടിലിൽ തൂക്കിയിട്ടിരുന്ന ഏഴു കിലോ തൂക്കമുള്ളതും 12000 രൂപ വിലവരുന്നതുമായ പിത്തള മണിയും ഏഴു കിലോ തൂക്കമുള്ളതും 7000 രൂപ വിലയുള്ളതുമായ പിത്തള നിലവിളക്കും ഗേറ്റ് നിർമാണത്തിനായി കരുതിയ 2500 രൂപയുടെ അലുമിനിയം പൈപ്പുകളും ഉൾപ്പെടെ ആകെ 21500 രൂപയുടെ വസ്തുക്കളാണ് മോഷ്ടിച്ചത്.
പോലീസ് ഇൻസ്‌പെക്ടർ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ മോഷ്ടാവിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു. നിലവിളക്കും മണിയും മോഷ്ടിച്ച് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുപോയ ശശി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സമീപമുള്ള കടയിൽ വിറ്റതായി കുറ്റസമ്മതം നടത്തി. പ്രതിയെ അവിടെയെത്തിച്ച് പിന്നീട് പോലീസ് സംഘം ഇവ കണ്ടെടുത്തു. കടയുടെ നടത്തിപ്പുകാരൻ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടർ വീടിനു സമീപം റോഡ് വക്കിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ ഉണ്ണികൃഷ്ണൻ, എസ്.സി. പി ഓമാരായ സുധീൻ ലാൽ, അനിൽ, രാജൻ കുട്ടി തുടങ്ങിയവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.


