എണറാകുളം : പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘമെന്ന് സംശയിക്കുന്നയാൾ വീണ്ടും പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂരിലെ മെറീഡിയന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസിനെ ആക്രമിച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി. പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിലാണ് വീണ്ടും പിടിയിലായത്. കുറുവ സംഘത്തിൽ പെട്ടയാളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലുള്ള സ്ത്രീകളുടെ സഹായത്തോടെ കടന്നുകളയുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ വസ്ത്രം ധരിച്ചിരുന്നില്ല. ഇതും കുറുവ സംഘാംഗമാണെന്ന് സംശയിക്കാൻ കാരണമായി.
ആലപ്പുഴയുടെ വടക്കൻ മേഖലകളിൽ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളിൽ കള്ളൻ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയൽവാസി മരിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കൾ കയറി.
മണ്ണഞ്ചേരിയിൽ രണ്ടു വീടുകളിൽ വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകൾ കവർന്നു. ഒരാളുടെ മൂന്നരപ്പവൻ സ്വർണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാൽ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളിൽ മോഷണശ്രമവും നടന്നു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.


