അടൂർ – തെലങ്കാനയിൽ മോഷണവും പോക്കറ്റടിയും പിടിച്ചു പറിയും ഒക്കെ പതിവാക്കിയ സംഘത്തിലെ ദമ്പതികളെ അവിടെ നിന്നുള്ള പൊലീസുകാർ അടൂർ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. മേലൂടുള്ള കന്നുകാലി ഫാമിൽ ജോലി നോക്കിയിരുന്ന തമിഴ്‌നാട് സ്വദേശികളായ അജിത്ത്, ഭാര്യ ഭവാനി എന്നിവരെയാണ് ഇന്ന് രാവിലെ അടൂർ പൊലീസ് പിടികൂടി തെലങ്കാന പൊലീസിന് കൈമാറിയത്. ഇവർ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് സംശയിക്കുന്നത്.
ഏഴംഗ മോഷണ സംഘത്തെ തെലങ്കാന പൊലീസ് അവിടെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ നിന്ന് പിടികിട്ടാതെ പോയവരാണ് ദമ്പതികൾ. ബസിൽ കയറി ബാഗ് കീറിയും ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ പൊട്ടിച്ചുമാണ് മോഷണം നടത്തിയിരുന്നത്. രണ്ടു മാസമായി ദമ്പതികൾ ഇവിടെ താമസിച്ചു വരുന്നു. അടൂരിൽ വന്ന ശേഷം ആധാർ കാർഡിലെ വിലാസത്തിൽ മാറ്റം വരുത്തിയായിരുന്നു താമസം. മേലൂടുള്ള പശു വളർത്തൽ ഫാമിലായിരുന്നു ജോലി. അമ്മകണ്ടകരയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭവാനി മോഷ്ടിച്ചു കൊണ്ടു വരുന്ന സാധനങ്ങൾ അജിത്തിന് കൈമാറുന്നതാണ് രീതി. ഇത് ഇയാൾ അടൂരിൽ എത്തിച്ച് വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യും. രണ്ടു ലക്ഷം രൂപ ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. നിലവിൽ താമസിക്കുന്ന വാടക വീട് വാങ്ങുന്നതിന് വേണ്ടി ആറു ലക്ഷം രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്.
അടൂർ പ്രദേശത്ത് ഇവർ മോഷണം നടത്തിയതായി അറിവില്ലെന്ന് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ പറഞ്ഞു. നേരത്തേയുള്ള തെളിയാത്ത കേസുകൾ വല്ലതും ഉേേണ്ടായെന്ന് പരിശോധിച്ച് വരുന്നതായും ഇൻസ്‌പെക്ടർ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

