പത്തനംതിട്ട: ‘ഐ ക്വിറ്റ്’. ജീവനൊടുക്കിയ നേഴ്സിംഗ് വിദ്യാർഥിനിയുടെ ഡയറിത്താളിൽ എഴുതിയിരുന്നത് ഇത്ര മാത്രമായിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം തേടിപ്പോയ പോലീസിന് പക്ഷേ, ഒരു പരാതി കൂടി കിട്ടി. സഹപാഠികൾ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി പിതാവ് കോളജ് പ്രിൻസിപ്പാളിന് നൽകിയ പരാതി ആയിരുന്നു അത്.
ചുട്ടിപ്പാറ എസ്.എം.ഇ നേഴ്സിംഗ് കോളജിലെ ബി.എസ്.സി നഴ്‌സിങ് അവസാന വർഷ വിദ്യാർഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത് സഹപാഠികളുടെ പീഡനം മൂലമാണെന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി. വെളളിയാഴ്ച രാത്രി ഏഴിനാണ് വെട്ടിപ്രത്തുള്ള ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്ന് അമ്മു സജീവ് താഴേക്ക് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
സഹപാഠികളായ മൂന്നു പെൺകുട്ടികൾ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നേഴ്സിംഗ് കോളജ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. അദ്ധ്യാപകരിൽ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നൽകിയാണ് പരാതി നൽകിയിരുന്നത്. പരാതി അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൈഗ്രേൻ പോലുളള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികൾ പല രീതിയിൽ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജിൽ നിന്നുളള സ്റ്റഡി ടൂറിന് പോകാൻ തയാറാകാതിരുന്ന അമ്മുവിനെ ടൂർ കോ-ഓർഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. പല രീതിയിലുളള മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പത്തനംതിട്ട പോലീസാണ് തുടരന്വേഷണം നടത്തുന്നത്.


