പത്തനംതിട്ടയുടെ മനം നിറച്ച് അന്താരാഷ്‌ട്ര ചലച്ചിത്രപൂരത്തിന് സമാപനമായി

Cinema Pathanamthitta

പത്തനംതിട്ട : ലോക സിനിമയുടെ വിസ്മയ ലോകത്തേക്ക് അഭിമാനത്തോടെ കടന്നുകയറിയ അനുഭവമായി പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.പി.) ആദ്യ എഡിഷന് സമാപനമായി. ഇന്നലെ നടന്ന സമാപനസമ്മേളനം സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. ഇതേപോലെയുള്ള ചലച്ചിത്രമേളകൾ നാടിന്റെ രാഷ്ട്രീയ – സാമൂഹികവിഷയങ്ങൾ ചർച്ചചെയ്യുന്ന സാംസ്കാരിക ഇടമാണെന്നും ചലച്ചിത്രങ്ങൾ കാണുക മാത്രമല്ല അതിന്റെ മാനങ്ങൾ അന്വേഷിക്കുന്ന ഇടങ്ങളാണ് ചലച്ചിത്രമേളകൾ എന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. സംവിധായകൻ സുനിൽ മാലൂർ, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, സംഘാടകസമിതി വൈസ് ചെയർമാൻ എ.ജാസിംകുട്ടി, നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജിത് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ.എ. സുരേഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. അനീഷ്, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ സി.കെ. അർജുനൻ, സംഘാടകസമിതി കൺവീനർ എം.എസ്. സുരേഷ്, കൺവീനർ എ.ഗോകുലേന്ദ്രൻ, സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിവൽ ബുക്ക് തയ്യാറാക്കിയ ചലച്ചിത്ര പ്രവർത്തകൻ മാത്യു ഓരത്തേൽ, സിഗ്നേച്ചർ വീഡിയോ തയ്യാറാക്കിയ ശരത് ഷാൻ, വിളംബര ജാഥയിൽ മികച്ചപ്രകടനം കാഴ്ചവച്ച നഗരസഭാ വാർഡുകൾ, വകുപ്പുകൾ എന്നിവർക്കുള്ള പുരസ്കാരങ്ങൾ കൈമാറി.

മൂന്ന് ദിവസമായി നടന്ന മേളയിൽ 28 ക്ലാസിക് ചലച്ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തി. സംവാദവേദികൾ മേളയെ പ്രൗഢഗംഭീരമാക്കി. ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ച ആട്ടം മുതൽ എല്ലാ പ്രദർശനങ്ങൾക്കുമുണ്ടായ ജനപങ്കാളിത്തം ആദ്യസംരംഭത്തെ വിജയമാക്കി.

മൂന്ന് തിയേറ്റർ സ്ക്രീനുകളിലും നഗരസഭാ ടൗൺ ഹാളിലുമായി 36 പ്രദർശനങ്ങൾ നടന്നു. 13 മലയാള ചിത്രങ്ങൾ, സത്യജിത് റേയുടെ മഹാനഗർ ഉൾപ്പെടെ 5 ഇന്ത്യൻ ക്ലാസിക്കുകൾ, 1925-ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പോട്ടംകിൻ, 1950-ലെ റാഷമൺ എന്നിവ ഉൾപ്പെടെ 10 ലോക ക്ലാസിക്കുകൾ എന്നിവ പ്രേക്ഷകരുടെ മനസ്സുനിറച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *