എടത്വ: എടത്വായിൽ നദീതീര പാർക്ക് വേണമെന്നുള്ള ദേശവാസികളുടെ ആവശ്യത്തിന് തുടക്കം കുറിച്ച് എടത്വ ജോർജിയൻ സംഘം. ജോർജിയൻ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ എടത്വ വില്ലേജ് ഓഫീസിന് പുറകുവശം വൃത്തിയാക്കി വൃക്ഷതൈനട്ടു. വർഷങ്ങളായി ഉണ്ടായിരുന്ന മാലിന്യങ്ങൾ ആണ് പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. നദീതീര പാർക്ക് വേണമെന്നുള്ള ദേശവാസികളുടെ വർഷങ്ങളായിട്ടുള്ള
ആവശ്യമാണ് ഇതോടൊപ്പം യാഥാർത്ഥ്യമാകുന്നത്.

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി എടത്വ വിഷൻ 2020 എന്ന പദ്ധതിയിലൂടെ നദീതീര സൗന്ദര്യവൽക്കരണം തുടക്കം കുറിച്ചെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാൽ എടത്വ പള്ളിയുടെ ചിലവിൽ കുരിശടി മുതൽ പള്ളി പാലം വരെയുള്ള ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷകമാക്കുന്ന നിലയിൽ എടത്വ ബോട്ട് ജെട്ടി മുതൽ പള്ളി പാലം വരെയുള്ള നദീതീരവും എടത്വ പാലത്തിന് താഴെയും ഇരുവശങ്ങളും സൗന്ദര്യവത്ക്കരിക്കണമെന്നാണാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എടത്വായിലെ ബോട്ട് ജെട്ടി നവീകരണത്തിന് 47 ലക്ഷം രൂപ നിലവിൽ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി, തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് തീർത്ഥാടകർക്ക് ജലമാർഗ്ഗവും എത്തുന്നതിന് എടത്വ ബോട്ട് ജെട്ടി ഉപകരിക്കും.

ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജി. ജയചന്ദ്രൻ മുഖ്യസന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് അംഗം പിസി. ജോസഫ്, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ ചേർന്ന് വൃക്ഷതൈ നട്ടു. കെ. ജയചന്ദ്രൻ, ജോർജിയൻ സംഘം സെക്രട്ടറി കെ. തങ്കച്ചൻ, ഖജാൻജി കുഞ്ഞുമോൻ മുണ്ടുവേലിൽ, റ്റോബി പള്ളിപറമ്പിൽ, ജോജി മെതിക്കളം, ബിജു കട്ടപ്പുറം, ഷോജി മീനത്തേരിൽ, റ്റിജോ കട്ടപ്പുറം, ടിസൺ മുണ്ടുവേലിൽ, മാർട്ടിൻ തൈപറമ്പിൽ എന്നിവർ നേതൃത്വം നല്കി.


