വോട്ടർ പട്ടിക പുതുക്കുന്നു ; കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കൽ.

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 13 -ാം വാർഡ് (ഇളകൊള്ളൂർ), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 12-ാം വാർഡ് (വല്ലന), നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് (കിഴക്കുംമുറി), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് (ഇരുമ്പുകുഴി), അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് (പുളിഞ്ചാണി) എന്നിവിടങ്ങളിലാണ് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കരട് വോട്ടർപട്ടിക സെപ്റ്റംബർ 20നും അന്തിമപട്ടിക ഒക്ടോബർ 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം.

2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.

ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകളിൽ അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *