ഇലവുംതിട്ട – മെഴുവേലി പഞ്ചായത്തിലെ സി.പി.എം പഞ്ചായത്തംഗത്തെ മറ്റൊരു സി.പി.എം അംഗം മർദ്ദിച്ചു. നാലാം വാർഡ് അംഗം ഡി. ബിനുവിനാണ് മർദ്ദനമേറ്റത്. പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ് ഓഫീസിന് വെളിയിൽ ഇറങ്ങിയപ്പോൾ എട്ടാം വാർഡ് അംഗം വിനോദ് മറ്റു നാലു പേരെയും കൂട്ടിയെത്തി ബിനുവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ബിനു ഉടൻ തന്നെ തന്റെ വാഹനത്തിൽ കയറി തന്റെ സ്ഥാപനമായ പ്രെസ്സിലേക്ക് പോയി. പഞ്ചായത്ത് കമ്മറ്റിയിലുണ്ടായ തർക്കമാണ് തെരുവിലെ മർദ്ദനത്തിൽ കലാശിച്ചത്.
പഞ്ചായത്ത് കമ്മറ്റി ചേർന്നിരുന്നപ്പോൾ കമ്മറ്റിയിൽ അംഗങ്ങൾ സംസാരിക്കുമ്പോൾ വിനോദ് ഫോൺ ചെയ്തു കൊണ്ടിരുന്നത് ബിനു ചോദ്യം ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാതെ പോയ വിനോദ് വെളിയിലിറങ്ങി സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കളെയും കൂട്ടി വന്ന് ബിനുവിനെ മർദ്ദിച്ചുവെന്നാണ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസിന്റെ അംഗങ്ങളും അടക്കം സംഭവത്തിന് സാക്ഷികളാണ്. മെഴുവേലിയിൽ സി.പി.എമ്മിൽ ഗ്രൂപ്പിസം ശക്തമാണ്. മുൻ എം.എൽ.എ കെ.സി. രാജഗോപാലനെ അനുകൂലിക്കുന്നവരാണ് ബിനുവിനെ മർദ്ദിച്ചതെന്ന് പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ഗിരീഷ്, മർദ്ദനമേറ്റ അംഗം ബിനു എന്നിവർ കെ.സി. രാജഗോപാലിന്റെ ഏതിർചേരിയിൽ പെട്ടവരാണ്. സി.പി.എം കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിനെ ബിനു സംഭവം ഫോണിലൂടെ ധരിപ്പിച്ചിട്ടുണ്ട്. രേഖാമൂലം പരാതി നൽകിയിട്ടില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

