തൃശൂർ: ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുത്താനും യുവാക്കളെ ശരിയായ പാതയിൽ നയിക്കാനും ലക്ഷ്യമിട്ട് ‘സ്‌പോർട്‌സ് ഈസ് ഔവർ ഹൈ’ എന്ന പേരിൽ പ്രചാരണ പരിപാടിക്ക് കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ഫിന്നെസ് തൃശൂർ ടൈറ്റൻസ് തുടക്കംകുറിച്ചു. കൊച്ചിയിലെ പ്രമുഖ ക്രിയേറ്റിവ് ഏജൻസിയായ പോപ്‌കോൺ ക്രിയേറ്റിവ്‌സുമായി സഹകരിച്ചാണ് അവരുടെ വാർഷിക പ്രചാരണ പരിപാടിയായ ‘വാട്ട് ഈസ് യോർ ഹൈ’-യുടെ ഭാഗമായി തൃശൂർ ടൈറ്റൻസ് ഈ സാമൂഹ്യ ഉദ്യമത്തിന് തുടക്കംകുറിച്ചിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ‘സ്‌പോർട്‌സ് ഈസ് ഔവർ ഹൈ’ എന്ന സന്ദേശം പകരുന്ന ചുവർച്ചിത്രരചനാ മത്സരമാണ് തൃശൂർ ടൈറ്റൻസും പോപ്‌കോണും ചേർന്ന് സംഘടിപ്പിക്കുന്നത്. വ്യക്തികൾ, വിദ്യാർഥികൾ, ഗ്രൂപ്പുകൾ, ക്ലബ്ബുകൾ തുടങ്ങി കേരളത്തിലുടനീളമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
മത്സരാർത്ഥികൾക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട കായികവിനോദങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാം. വരയ്ക്കാനുള്ള ചുവര് കണ്ടെത്തേണ്ടതും അതിനുള്ള അനുവാദം വാങ്ങുന്നതും പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമായിരിക്കും. ചുവരിന്റെ വലിപ്പം സംബന്ധിച്ച് നിബന്ധനകൾ ഇല്ല. വാട്ട് ഈസ് യുവർ ഹൈ വെബ്സൈറ്റിൽ നിന്നും 3 x 3 അടി ലോഗോ പ്രിൻറ് ഡൌൺലോഡ് ചെയ്തെടുത്തതിനു ശേഷം അനുയോജ്യമായ ചുവര് തിരഞ്ഞെടുക്കാവുന്നതാണ്. 3×3 അടി പ്രിൻറ് ഒട്ടിക്കുക എന്ന നിയമം എല്ലാ മത്സരാർഥികളും നിർബന്ധമായും പാലിക്കേണ്ടതാണ്.
പൂർത്തിയായ ചിത്രത്തിന്റെ ഫോട്ടോകൾ, പങ്കെടുക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിർബന്ധമായും പോസ്റ്റ് ചെയ്യേണ്ടതാണ്. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപ എന്നിങ്ങനെയാണ് വിജയികൾക്കുള്ള സമ്മാനം.
ആരോഗ്യകരമായ ജീവിതശൈലിക്കായും സമൂഹത്തിലെ ദൂഷ്യ സ്വാധീനത്തിൽ നിന്നും മോചിതരാകാനും എല്ലാവരെയും പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സ്‌പോർട്‌സിന്റെ പാത സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് മയക്കുമരുന്ന് മുക്ത ലോകത്തിനായി പ്രയത്‌നിക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൃശൂർ ടൈറ്റൻസ് ടീം ഉടമയും ഫിന്നെസ് ഗ്രൂപ്പ് ഡയറക്ടറമായ സജ്ജാദ് സേട്ട് പറഞ്ഞു. ഇതിനായി കെസിഎല്ലിന്റെ ഈ സീസണിലാകെ കേരളത്തിലുടനീളം തൃശൂർ ടൈറ്റൻസ് ‘സ്‌പോർട്‌സ് ഈസ് ഔവർ ഹൈ’ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌പോർട്‌സിന്റെ ബലത്തിൽ മാനസികമായും ശാരീരികമായും കരുത്തുള്ള തലമുറയെ വാർത്തെടുക്കുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് പോപ്‌കോൺ ക്രിയേറ്റിവ്‌സ് കോ-ഫൌണ്ടർ രതീഷ് മേനോൻ അഭിപ്രായപ്പെട്ടു. സമൂഹമാകെ ഏതെങ്കിലും സ്‌പോർട്‌സിൽ ഏർപ്പെടുകയും ആരോഗ്യകരവും കരുത്തുറ്റതുമായ ജീവിതം കെട്ടപ്പടുക്കാൻ ഈ ഉദ്യമത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും മത്സരത്തിന് രജിസ്റ്റർ ചെയ്യാനും whatsyourhigh.popkon.in എന്ന വെബ്‌സൈറ്റോ തൃശൂർ ടൈറ്റൻസിന്റെ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കുക.
What do you feel about this post?
Like
Love
Happy
Haha
Sad

