ഇന്ന് ലോകത്തോടൊപ്പമാണ് ഇന്ത്യ ; പ്രധാനമന്ത്രി പോളണ്ടിൽ

World
Print Friendly, PDF & Email

വാഴ്സ – പതിറ്റാണ്ടുകളായി തുടർന്നുവന്നിരുന്ന ഇന്ത്യയുടെ നയങ്ങളിൽ മാറ്റമുണ്ടെന്നും, ഇന്ന് എല്ലാവരുമായും ചേരുന്ന നയമാണ് ഇന്ത്യയുടേതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഇന്നത്തെ ഇന്ത്യ ലോകത്തോടൊപ്പമാണ്. എല്ലാവരുടെയും ക്ഷേമത്തേക്കുറിച്ച് ചിന്തിക്കുന്നു. ലോകം ഇന്ന് ഇന്ത്യയെ എല്ലാവരുടെയും സുഹൃത്തായി കണ്ട് ബഹുമാനിക്കുന്നു, അതിൽ സന്തോഷമുണ്ട് മോദി കൂട്ടിച്ചേർത്തു. 1970-ലെ അന്നത്തെ കോൺ​ഗ്രസ് സർക്കാരിന്റെ ചേരിചേരാ നയത്തെകുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

 

ഇന്നലെയാണ് പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. 45 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത് എന്നതും പ്രത്യേകതയാണ്. 1979-ൽ മൊറാർജി ദേശായിയാണ് ഇതിനുമുൻപ് പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. പോളണ്ടിലെ ഇന്ത്യൻ സമൂഹം ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത് .

ഇന്ത്യയും പോളണ്ടുമായുള്ള നയതന്ത്രബന്ധത്തിന്റെ 70 വർഷം പൂർത്തിയാകുന്ന വേളയിലാണ് തന്റെ സന്ദർശനമെന്ന് സന്ദർശനത്തിന് മുൻപ് മോദി എക്സിൽ കുറിച്ചിരുന്നു. പോളണ്ടിൽനിന്ന് യുക്രൈനിലേക്കു പോകുന്ന അദ്ദേഹം പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെ കാണുമെന്നാണ് വിവരമെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *