മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ജനകീയ തെരച്ചിൽ ഇന്ന്

Kerala Wayanad
Print Friendly, PDF & Email

വയനാട് – ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് രാവിലെ 6 മണി മുതൽ 11 മണി വരെ ജനകീയ തെരച്ചിൽ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരിൽ 190 പേർ തിരച്ചലിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികൾ, എൻഡിആർഎഫ്, പോലിസ്, ഫയർഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തെരച്ചലിൽ പങ്കാളികളാവും.

രാവിലെ തുടങ്ങി വൈകിട്ട് വരെ തെരച്ചിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കിൽ മറ്റൊരു ദിവസം ജനകീയ തെരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിൽ 131 പേരാണുള്ളത്. ഇവരിൽ കൂടുതൽ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂൾ റോഡ് ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാർട്ടേഴ്‌സുകളും മറ്റ് സർക്കാർ വകുപ്പുകളുടെ ക്വാർട്ടേഴ്‌സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉൾപ്പെടെ നൂറോളം കെട്ടിടങ്ങൾ സജ്ജമായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇവയുടെ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

ദുരന്തമേഖലകളിലെ രക്ഷാ- തെരച്ചിൽ ദൗത്യത്തിനു ശേഷം മടങ്ങുന്ന സൈനികർക്ക് വികാരനിർഭരമായ യാത്രയയപ്പാണ് വ്യാഴാഴ്ച നൽകിയത്. ഡൗൺസ്ട്രീം തെരച്ചിലിനായുള്ള ടീം ഉൾപ്പെടെ 36 അംഗ സൈനിക സംഘം വയനാട്ടിൽ തുടരും. ദുരന്തമേഖലയിൽ എത്തിയതു മുതൽ മറ്റ് ദൗത്യ സംഘങ്ങൾക്കൊപ്പം വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് സൈനികർ നടത്തിയത്. അവർക്കുവേണ്ട എല്ലാ പിന്തുണയും നമുക്ക് നൽകാൻ സാധിച്ചു. സർക്കാരിൽ നിന്നും ജില്ലാ ഭരണകൂടത്തിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണയിലും സ്‌നേഹത്തിലും ഏറെ സന്തുഷ്ടരായാണ് സൈനികർ തിരികെ പോയത്. രക്ഷാ-തെരച്ചിൽ ദൗത്യങ്ങളിൽ ഒറ്റ മനസ്സും ശരീരവുമായി പ്രവർത്തിച്ച സൈനികരുൾപ്പെടെയുള്ള എല്ലാവരെയും കേരള ജനതയ്ക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. സൺറൈസ് വാലി ഉൾപ്പെടെയുള്ള മേഖലകളിൽ തെരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് മാനസിക പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഇതിനകം നാലായിരത്തിലേറെ കൗൺസലിംഗ് സെഷനുകൾ നൽകാനായി. വ്യാഴാഴ്ച മാത്രം 368 പേർക്കാണ് കൗൺസലിംഗ് നൽകിയത്. വരുംദിവസങ്ങൾ കൗൺസലിംഗ് നടപടികൾ കൂടുതൽ ശക്തിപ്പെടുത്തും. ക്യാമ്പുകളിലെ കുട്ടികൾക്കു വേണ്ടിയുള്ള കളിപ്പാട്ടങ്ങളും വായനാ പുസ്തകങ്ങളും വിദ്യാർഥികൾക്കുള്ള പഠന സാമഗ്രികളും ഉൾപ്പടെ എത്തിച്ചുനൽകാനായതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീയുംപങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *