പത്തനംതിട്ടയിലെ സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന് അംഗീകാരമില്ല: ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധവുമായി വിദ്യാർത്ഥികള്‍

Pathanamthitta

പത്തനംതിട്ട: അഗീകാരമില്ലാത്ത കോളജില്‍ പ്രവേശിപ്പിച്ച് തങ്ങളുടെ ഭാവി തകര്‍ത്തതില്‍ പ്രതിഷേധിച്ച് നഴ്‌സിംഗ് വിദ്യാർത്ഥികള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലതവണ അറിയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ നഴ്‌സിങ് കോളജിനെയും അറുപതോളം വിദ്യാര്‍ത്ഥികളെയും മന്ത്രി അവഗണിക്കുന്നതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് വന്നതെന്ന് കുട്ടികള്‍ പറഞ്ഞു.

കോളജിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്‍ട്രല്‍ ജങ്ഷന്‍ വഴി ജനറല്‍ ആശുപത്രി പടിക്കല്‍ എത്തി പ്രതിഷേധയോഗം നടത്തിയതിന് ശേഷമാണ് മന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്. മാക്കാംകുന്നില്‍ മന്ത്രി വീണാജോര്‍ജിന്റെ ഓഫീസിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ബി. ഫാത്തിമ കോളജിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു. പി.പവിത്ര അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രിയ, ബി. ആരാധന, സസ്‌ന പി. ഇസഡ്, എസ്. സുഹാന, വിസ്മയ, ഓ.ടി.അര്‍ജുന്‍, ജെ. ഐശ്വര്യ എന്നീ വിദ്യാര്‍ത്ഥികള്‍ പ്രസംഗിച്ചു.

ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രവിത, സ്റ്റുഡന്റ് നഴ്‌സിങ് അസോസിയേഷന്‍
വൈസ് ചെയര്‍മാന്‍ ഡാനിയല്‍ മാത്യു, സൗത്ത് സോണ്‍ റെപ്രസന്റേറ്റീവ് അല്‍ അമീന്‍, ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ് രാധാമണി എന്നിവര്‍ പ്രസംഗിച്ചു.

യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് കോളജ് ജങ്ഷനിലുള്ള കെട്ടിടത്തില്‍ നഴ്‌സിങ് കോളജ് പ്രവര്‍ത്തിക്കുന്നത്. അടിയന്തിരമായി എല്ലാവിധ സൗകര്യത്തോടും കൂടി കോളജ് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയിട്ടും സര്‍ക്കാര്‍
ഗൗനിച്ചില്ല. രണ്ട് മാസത്തിനുള്ളില്‍ എല്ലാം ശരിയാക്കാം എന്ന് ഉറപ്പ് നല്‍കിയാണ് തങ്ങളെ പ്രവേശിപ്പിച്ചത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കാനോ ലാബ് സൗകര്യം ഒരുക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

കസേരകള്‍ക്കിടയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത മുറിയിലാണ് 60 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കുന്നത്. ക്ലാസ് മുറിക്ക് നടുവിലെ തൂണുകള്‍ കാരണം അധ്യാപകരെ കാണാന്‍ കഴിയാത്തതും തിരക്കേറിയ റോഡിലെ ശബ്ദം കാരണം പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ക്ലാസ് കേള്‍ക്കാന്‍ കഴിയാത്തതും കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. ഹോസ്റ്റല്‍ ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ കുട്ടികള്‍ വന്‍ തുക ചെലവാക്കിയാണ് ഒന്നര കിലോമീറ്ററോളം ദൂരെയുള്ള സ്വകാര്യ കെട്ടിടങ്ങളില്‍ താമസിക്കുന്നത്.

16 കിലോമീറ്റര്‍ ദൂരെയുള്ള കോന്നി മെഡിക്കല്‍ കോളേജിലേക്ക് കുട്ടികള്‍ പരിശീലനത്തിന് പോകുന്നതും കുട്ടികള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. പഠിച്ച് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുര്യോഗം. സാമ്പത്തിക ചെലവ് താങ്ങാന്‍ ആകാതെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ഥിനി പഠനം അവസാനിപ്പിച്ചു എന്ന് കുട്ടികള്‍ പറഞ്ഞു. 54 പെണ്‍കുട്ടികള്‍ക്കായി ഒരു ടോയ്‌ലറ്റ് മാത്രമുള്ള കെട്ടിടം കോളേജിനായി തിരഞ്ഞെടുത്ത മനുഷ്യത്വരഹിതമായ സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്.

മതിയായ സൗകര്യങ്ങളുള്ള കോളജ് കെട്ടിടം, ആവശ്യത്തിന് അധ്യാപകര്‍, ലാബ് സൗകര്യം, ഹോസ്റ്റല്‍, കോളജ് ബസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കി കോളേജിന് അംഗീകാരം നേടുക. ഇല്ലെങ്കില്‍ തങ്ങളുടെയും അടുത്ത ബാച്ചില്‍ പ്രവേശനം കാത്തു നില്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെയും ഭാവി തകരും. അടിയന്തരമായി മന്ത്രിയും സര്‍ക്കാരും ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *