ഗ്രീൻ പനോരമ ; പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കമായി

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണം ലക്ഷ്യം വക്കുന്നത് ജൈവമായവയെ മാത്രമല്ല ജൈവേതരമായയവയും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പരിസ്ഥിതി ദിനാചരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഭരണഘടനയിൽ ഇത് ഉൾപ്പെടുത്തിയ രാജ്യമാണ് ഇന്ത്യ. മറ്റുള്ളവരിലേക്ക് ആശയം സന്നിവേശിപ്പിക്കാൻ ഏറ്റവും ശക്തമായ മാധ്യമം എന്ന നിലയിൽ പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ച ഫിലിം സൊസൈറ്റി നഗരത്തിൻ്റെ സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ ചുവട് വയ്പാണ് നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡൻറ് ജി വിശാഖൻ അധ്യക്ഷത വഹിച്ചു. ഗൂഡ്രിക്കൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ എസ് അശോകൻ മുഖ്യാതിഥിയായിരുന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, ചലച്ചിത്ര പ്രവർത്തകൻ എ മീരാസാഹിബ്,ന്യൂ വേവ് ഫിലിം സൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ, ഫിലിം സൊസൈറ്റി ഭാരവാഹികളായ എം എസ് സുരേഷ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ദി എലിഫൻ്റ് വിസ്പേഴ്സ്, ഹൈഡി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ സംവാദത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും സിനിമ പ്രേമികളും മേളയുടെ ഭാഗമായി. മേള ഇന്ന് (30/6/24) വൈകുന്നേരം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *