പത്തനംതിട്ട – ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഇത്തവണ മുന്നൊരുക്കങ്ങൾ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നത്. ദേവസ്വം ഉന്നതഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണിൽ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഓഫീസർമാരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. വരുന്ന സീസണിലേക്ക് ഭക്തർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഏർപ്പെടുത്തേണ്ട കൂടുതൽ സംവിധാനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ഇനി എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായി.
രാവിലെ 10.30 ന് ആരംഭിച്ച യോഗത്തിൽ തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാർ, എ. സുന്ദരേശൻ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


