ഔദ്യോഗിക ബഹുമതികളോടെ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമന്റെ കബറടക്കം ഇന്ന്

Kerala Pathanamthitta World

തിരുവല്ല: ഡാളസില്‍ കാലം ചെയ്ത ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്റെ കബറടക്കം ഇന്ന് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാവിലെ ഒമ്പതിന് കബറടക്കത്തിന്റെ എഴാമത് ശുശ്രൂഷ ആരംഭിക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം 9.30 ന് ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നും കാമ്പസിലൂടെ വിലാപയാത്രയായി സെന്റ് തോമസ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ എത്തിക്കും.

തുടര്‍ന്ന് 11 ന് എട്ടാമത്തെയും അവസാനത്തേതുമായ ചടങ്ങുകള്‍ നടക്കും. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 12.30 ന് കബറടക്കും. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ സാമുവേല്‍ മോര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പാ കബറടക്ക ശുശ്രൂഷയുടെ മുഖ്യകാര്‍മ്മികനായിരിക്കും. ബിലീവേഴ്‌സ് സഭയിലെ കേരളാ ഡയോസിസ് സഹായ മെത്രാന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, അമേരിക്കന്‍ ഭദ്രാസനാധിപന്‍ ദാനിയേല്‍ മോര്‍ തിമോഥേയോസ് എപ്പിസ്‌ക്കോപ്പാ, ജോണ്‍ മോര്‍ ഐറേനിയോസ് എപ്പിസ്‌കോപ്പാ, ബിലീവേഴ്‌സ് സഭയിലെ മറ്റു തിരുമേനിമാര്‍, മാര്‍ത്തോമ്മാ സഭയിലെ ജോസഫ് മാര്‍ ബര്‍ണ്ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, തോഴിയൂര്‍ സഭയിലെ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മ്മീകരാകും. മദ്ബഹായോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള പ്രത്യേക കബറില്‍ മാര്‍പ്പാപ്പാമാരുടെ കബറടക്കം പോലെ കിടത്തിയാണ് സംസ്‌കരിക്കുന്നത്. 19 ന് രാത്രി ഒമ്പതു മണിയോടെ മെത്രാപ്പോലീത്തയുടെ അരമനയിലെത്തിച്ച ഭൗതിക ദേഹത്തില്‍ രണ്ടായിരത്തോളം വൈദികര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് ഭൗതിക ശരീരം ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇന്ന് രാവിലെ ഒമ്പതു മണി വരെ പൊതുദര്‍ശനം തുടരും. കനത്ത മഴ വകവയ്ക്കാതെ ആയിരങ്ങളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ക്‌നാനായ സഭ അധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ സേവേറിയോസ്, മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത യുയാക്കിം മാര്‍ കൂറിലോസ്, കോട്ടയം ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമോത്തിയോസ്, യാക്കോബായ സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, യാക്കോബായ സഭ ട്രസ്റ്റി തോമസ് മാര്‍ തിമോത്തിയോസ്, യാക്കോബായ സഭ കല്ലിശേരി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ക്‌നാനായ കത്തോലിക്ക സഭ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ പ്രാര്‍ഥനകള്‍ നടത്തി.

ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ് ഖാന്‍, പി.എസ്. ശ്രീധരന്‍ പിള്ള, മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി വര്‍ക്കിങ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല, എം.പിമാരായ കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, എ.എം. ആരിഫ്, ഡീന്‍ കുര്യാക്കോസ്്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രമോദ് നാരായണന്‍, പ്രഫ.ഡോ. എന്‍ ജയരാജ്, കെ.സി. ജോസഫ്, അഡ്വ. മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, മുന്‍ എം.എല്‍.എമാരായ കെ. ശിവദാസന്‍ നായര്‍, ജോസഫ് എം. പുതുശേരി, കെ.സി. രാജഗോപാല്‍, എ. പത്മകുകുമാര്‍, രാജു ഏബ്രഹാം, പി.സി. ജോര്‍ജ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ അനുജോര്‍ജ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോണ്‍ കെ. മാത്യൂസ്, പി.എസ്.സി അംഗം ഡോ. ജിനു സഖറിയ ഉമ്മന്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.ഇ. അബ്ദുറഹിമാന്‍,അനില്‍ കെ. ആന്റണി, മുന്‍ വി.സി സിറിയക് തോമസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം സാം ചെമ്പകത്തില്‍, സംവിധായകന്‍ ബ്ലസി, നടന്മാരായ കൃഷ്ണപ്രസാദ്, മോഹന്‍ അയിരൂര്‍, മുന്‍മന്ത്രി മോന്‍സ് ജോസഫ്, കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, അപ്പു ജോണ്‍ ജോസഫ്, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *