കൽപ്പറ്റ : ചായപ്പൊടിക്കൊപ്പം ലക്കി ഡ്രോ ടിക്കറ്റുകൾ വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ചായപ്പൊടി വാങ്ങുമ്പോൾ 10 ലക്ഷം രൂപ സമ്മാനം ലഭിക്കുന്ന കൂപ്പണും ലഭിക്കുന്നതായിരുന്നു ബോച്ചെ ടീ ലക്കി ഡ്രോ. വിവിധയിടങ്ങളിൽ ഇതിനായി പ്രത്യേകം ഷോപ്പുകൾ തുടങ്ങുകയും പദ്ധതിക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ ഭൂമിപത്ര’ എന്ന കമ്പനിയുടെ പേരിലാണ് ലക്കി ഡ്രോ നടത്തി വന്നത്. ബോച്ചെയുടെ നേതൃത്വത്തിലുളള ഫിജി കാർട്ട് എന്ന കമ്പനി വിൽക്കുന്ന ഉൽപ്പന്നങ്ങളാണ് ബോച്ചെ ടീ പായ്‌ക്കറ്റുകളിൽ ഉളളത്. കേരളാ ലോട്ടറിയുടെ വിൽപ്പനയെ ഇത് ബാധിച്ചിരുന്നു. ഇത് മറ്റൊരു തട്ടിപ്പാണെന്ന് പല കോണുകളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു.


