നദീതട സംരക്ഷണം സർക്കാരിന്റെ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നദികളെ സംരക്ഷിക്കാനും നദീതടങ്ങളുമായി ബന്ധപ്പെട്ട മേഖലകളെ കൂടുതൽ പരിപാലിക്കാനും ലക്ഷ്യമിട്ടുള്ള ആക്ഷൻ പ്ലാനാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ളതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംയോജിത നദീതട മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പമ്പാനദീതട പദ്ധതി പങ്കാളികൾക്കായുള്ള ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പല കാലഘട്ടങ്ങളിൽ നിരവധി ദുർഘടങ്ങളെ അതിജീവിച്ച സംസ്‌കാരമാണ് പമ്പാനദീതീരങ്ങളിലുള്ളത്. സമീപകാലങ്ങളിലുണ്ടായ തുടരെയുള്ള പ്രളയങ്ങളും തുടർന്നുള്ള നാശനഷ്ടങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പമ്പാ നദീതട സംയോജിത പദ്ധതി എന്ന നിലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി നദീതടങ്ങളെപ്പറ്റി സമഗ്രമായ പഠനം അനിവാര്യമാണ്. അതിരൂക്ഷമായ പ്രളയങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിനും തീരപ്രദേശങ്ങളിലെ മണ്ണിടിച്ചിൽ തടയുന്നതിനും അനുയോജ്യമായ ക്രമീകരണങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ക്രിയാത്മകമായ പദ്ധതികൾക്കു തുടക്കം കുറിക്കുന്നതിനു മുന്നോടിയായി ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ചുള്ള സെമിനാറാണ്് സംഘടിപ്പിച്ചിരിക്കുന്നതെന്നും ജലവിഭവ മന്ത്രി പറഞ്ഞു.

നദികളുമായി ബന്ധപ്പെട്ട നീർപ്രവാഹങ്ങളെ ജലനിർഗമന പാതകൾ തടസ്സപ്പെടാതെ സംരക്ഷിക്കണം എന്ന തിരിച്ചറിവാണ് നദീതട സംയോജിത പദ്ധതിക്ക് ആധാരമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പമ്പാനദിയുമായി ബന്ധപ്പെട്ട എല്ലാ വികസനപ്രവർത്തനങ്ങൾക്കും അടിസ്ഥാനമാകുന്ന ആക്ഷൻ പ്ലാനാണ് സർക്കാർ ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റിവിന്റെ ഭാഗമായാണ് ഈ പദ്ധതിയും ശില്പശാലയും സംഘടിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വർത്തമാനകാലത്തേക്ക് മാത്രമുള്ള പദ്ധതിയാണ് ഇതെന്നും വരുംതലമുറകൾക്കു കൂടി അടിസ്ഥാനമാകുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതുള്ള ചരിത്രപ്രധാനമായ ഒരു കാൽവയ്പ്പാണിതെന്നും ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. കുടിവെള്ളം, കാർഷികവൃത്തി തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്ക് പദ്ധതി മൂലം ഏറെ പ്രയോജനമുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.

പത്തനംതിട്ട സെന്റ് ഗ്രിഗോറിയൻ ഹാളിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജലസേചനം, ഭരണം വിഭാഗം ചീഫ് എഞ്ചിനീയർ ആർ. പ്രിയേഷ്, മിഷൻ ഡയറക്ടർ ധർമലശ്രീ, മൈനർ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എസ് കോശി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *