ഓർമ്മകളിൽ എന്റെ കൂട്ടുകാരൻ !!

Food Pathanamthitta Special
എനിക്ക് നാടിനെ കുറിച്ചുള്ള അറിവുകളിൽ വലിയ സ്വാധീനം പകർന്നുതന്ന കൂട്ടുകാരൻ !!

സുരേഷ് ( ഇഡ്ഡലിയമ്മാവൻ ) എന്ന് ഞങ്ങൾ കൂട്ടുകാർ കളിയാക്കി വിളിച്ചിരുന്ന വലിയൊരു കലാകാരൻ. സുരേഷിലെ കലാപ്രതിഭയെ തിരിച്ചറിഞ്ഞവർ ചുരുക്കം. അഭിനയം എന്നത് ഞാൻ കണ്ടു പഠിച്ചത് സുരേഷിൽ നിന്നായിരുന്നു. ഞങ്ങടെ നാട്ടിലെ അന്നത്തെ പ്രൊഫഷണൽ നാടക സംഘമായിരുന്ന ” ആസാദ് ” സുരേഷിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു. പണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വിവാദമായ ശവംതീനിയുറുമ്പുകൾ എന്ന നാടകം 80 കളിൽ ഞങ്ങളുടെ നാട്ടിൽ സുരേഷിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചിരുന്നു. അയത്തിൽ മലനടയിലെ ഉത്സവത്തിന് ഞങ്ങളുടെ പറമ്പിൽ കെട്ടിയ സ്റ്റേജിൽ പണ്ട് ആ നാടകം അവതരിപ്പിക്കുമ്പോൾ മൈക്ക് സെറ്റ് ഓപ്പറേറ്റർ ഞാൻ, നാടകത്തിൽ കാട്ടിൽ ശവപ്പെട്ടിക്ക് കാവലിരിക്കുന്ന സുരേഷ് എന്ന നടൻ. നാട്ടിൽ ജീവിക്കാൻ മാർഗ്ഗം ഇല്ലാതെയോ, നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയോ ആയിട്ട് കാട് കയറുന്ന രാഷ്ട്രീയക്കാരൻ, മത പുരോഹിതൻ, ജോലി കിട്ടാതെ അലയുന്ന ഒരു യുവാവ് അങ്ങനെ പലരും, സുരേഷ് എന്ന വൃദ്ധനായ നടൻ കാവലിരിക്കുന്ന ശവപ്പെട്ടിയിലേക്ക് നോക്കി, ഈ കിടക്കുന്ന ശവം അവരവർ വിശ്വസിക്കുന്ന പാർട്ടിയുടേയോ, മതത്തിന്റെയോ ഉന്നതന്റെ ആണെന്നും അതിനാൽ അത് എനിക്കവകാശപ്പെട്ടതാണെന്നും പറഞ്ഞു ശവത്തിൽ നിന്നൊരു പങ്കു ഭക്ഷിച്ചിട്ടു കടന്നു പോകുന്നവർ. അതായത് നാടകകൃത്ത് ഉദ്ദേശിച്ചത് ജീവിക്കാനായി ആശയങ്ങളെയും, സംഘടനകളെയും തിന്നുന്നവരെ കുറിച്ചാണ്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി പക്ഷെ ജോലിയില്ലാതെ കാടുകയറിയ യുവാവ് വിശന്നിട്ടു മരിക്കാറായപ്പോഴും ശവം തിന്നാൻ തയ്യാറാകാതെ വീണ്ടും കാട്ടിലേക്ക് തന്നെ പോകാനൊരുങ്ങുന്നു. അപ്പോൾ ശവപ്പെട്ടിക്ക് കാവലിരിക്കുന്ന നടനായ സുരേഷ് എന്ന വൃദ്ധൻ യുവാവിനെ വെട്ടിക്കൊല്ലുന്നു. എന്നിട്ടു അവസാന വാക്കുകൾ.. ഇനിയും ശവം തിന്നാൻ വരുന്ന ശവംതീനി ഉറുമ്പുകൾക്കായി സൂക്ഷിക്കാൻ നിന്റെ ശവം എനിക്ക് വേണം . ശവംതീനി ഉറുമ്പുകളായ മനുഷ്യരെ കാത്ത് ഇനിയും ഞാൻ ഇവിടെ കാവലിരിക്കും. !!

ഈ നാടകം കണ്ട പലരും ഇന്നും ഞങ്ങടെ നാട്ടിൽ കാണുമായിരിക്കും. അവർ പറയട്ടെ കൂടുതൽ അഭിപ്രായങ്ങൾ. ഞാൻ 87 ൽ മെഴുവേലി സ്‌കൂളിൽ പഠിക്കുമ്പോൾ ഇതേ നാടകം സുരേഷ് ഞങ്ങളെ പഠിപ്പിച്ചു കലോത്സവത്തിൽ അവതരിപ്പിച്ചു. അന്ന് സുരേഷ് ചെയ്ത വൃദ്ധൻ വേഷം ചെയ്തത് അനന്തിരവൻ ഗിരീഷ്. യുവാവ് ഞാനും. അയത്തിൽ നാടകം അവതരിപ്പിക്കുമ്പോൾ നടന്ന ഒരു സംഭവമാണ് എന്റെ ഓർമ്മയിൽ. ഞാനാണ് മൈക്ക് ഓപ്പറേറ്റർ. ശവം തിന്നാനായി ശവപ്പെട്ടിയിലേക്ക് നോക്കുമ്പോൾ അവർക്ക് നേരെ ചുവന്ന ബൾബ്ബ്‌ കത്തുകയും കെടുകയും ചെയ്യണം. ഞാൻ ആ ബൾബ് കെട്ടിവെച്ചിരിക്കുന്നത് ഒരു മൈക്ക് സ്റ്റാൻഡിലും. ഈ സ്റ്റാൻഡിൽ എങ്ങനെയോ ബൾബ് കെട്ടിവെച്ചിരുന്ന വയറിൽ നിന്നും കറന്റ് ലീക്കായി. ശവം തിന്നാനായി വരുന്നവരെല്ലാം പിടിക്കുന്നത് ഈ സ്റ്റാൻഡിൽ. അപ്പോൾത്തന്നെ കറന്റടിച്ചു വിറക്കുന്നു. സ്റ്റേജിലല്ലേ, അഭിനയത്തിന്റെ ഭാഗമാക്കി അവരും , അങ്ങനെ അഭിനയമായി ആ വിറയൽ കടന്നുപോയി. നാടകം തീർന്നപ്പോൾ കറന്റടിച്ചവരൊക്കെ വിറപ്പിച്ചത് എന്നെയും .!!

ഞങ്ങടെ നാട്ടിലെ ആദ്യ പ്രവാസിയായ രമണൻ അണ്ണന്റെ ബഡായി കഥകൾ കേൾക്കാനും, അദ്ദേഹത്തിൻറെ നേതൃത്വത്തിൽ അയത്തിൽ ഗുരുമന്ദിരത്തിൽ പരിപാടികൾ സംഘടിപ്പിക്കാനും സുരേഷിനെ കൂടാതെ കിഷോർ, സജീവ്, പ്രകാശ്, പിന്നെ ഈ ഞാനും നാട്ടിലുടനീളം പിരിവിനു നടന്നതും പിരിവ് തീരുമ്പോൾ വള്ളിയിലെ കൊച്ചാട്ടന്റെ കടയിൽ നിന്ന് പൊറോട്ടയും, ഇറച്ചിയും തിന്നതുമൊക്കെ എങ്ങനെ മറക്കാൻ. ? ജീവ ബേക്കറി ഇലവുംതിട്ടയിൽ തുറന്നതു മുതൽ പപ്സ് തിന്നാനായി സുരേഷിനൊപ്പം സ്ഥിരമായി പോയിരുന്നത് ഇന്നും ഓർക്കുന്നു അന്ന് എനിക്ക് ഇലവുംതിട്ട പോസ്റ്റ് ഓഫീസിനു മുമ്പിൽ കാസറ്റ് കടയുണ്ട്.

മറക്കാനാകാത്ത എത്രയോ സംഭവങ്ങൾ. ജീവിതത്തിൽ സുരേഷ് പല വേഷങ്ങളും കെട്ടി. സർവ്വീസ് സ്റ്റേഷൻ ആയിരുന്നു ആദ്യ വേഷമെന്നാണ് എന്റെ ഓർമ്മ. പിന്നീട് ഞാൻ നാട്ടിൽ നിന്നും രാഷ്ട്രീയമായ കാരണങ്ങളാലുള്ള ഒളിച്ചോട്ടത്തിലേക്കും പിന്നീട് പ്രവാസത്തിലേക്കും, ഒക്കെ പോയി. സുരേഷും കുറച്ചുകാലം പ്രവാസി ആയിരുന്നു. പക്ഷെ സൗദിയിലെ ജോലിയും പ്രവാസവും സുരേഷിനെ എങ്ങുമെത്തിച്ചില്ല. പിന്നെയും നാട്ടിലെത്തി ടാക്സി ഡ്രൈവർ. ആരോരും ഒന്നിനും പരാതി പറയാതെ ജീവിതം അനുഭവിച്ച ആ മനുഷ്യൻ എന്നോട് പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ പങ്കുവെക്കുമായിരുന്നു. അവസാന കാലത്ത് സഹോദരിയും കുടുംബവും തുടങ്ങിയ ചായക്കടയുടെ ചുമതലയിലും വിശ്വസ്തതയോടെ സേവനം ചെയ്ത മനുഷ്യൻ.

ആ ചായക്കടയുടെ പുരോഗതിക്കായി എന്നാലാകുന്നത് ഞാനും സമൂഹ മാദ്ധ്യമത്തിലൂടെ എഴുതി പ്രമോട്ട് ചെയ്തിരുന്നു. അത് എന്റെ കൂട്ടുകാരന്റെ കൂടി ജീവിതമായത് കൊണ്ട് മാത്രം .!! എന്നും എന്റെ കുഞ്ഞിനെ സ്‌കൂളിൽ നിന്നും വിളിക്കാൻ വരുമ്പോൾ സുരേഷിന്റെ കടയിൽ നിന്നൊരു ചായ കുടിക്കാനും നാട്ടുകാര്യങ്ങൾ സംസാരിക്കുകയും ചെയ്തതൊക്കെ ഇനി ഓർമ്മ. ഇലവുംതിട്ട എന്ന പേരിനടിസ്ഥാനമായ സ്ഥലം മുക്കട ആണ് എന്ന് സുരേഷ് പറഞ്ഞിട്ടുള്ളത് ഞാനോർക്കുന്നു. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് എഴുതാം.

ശവംതീനിയുറുമ്പുകളുടെ ഇടയിൽ നിന്ന് പെട്ടെന്ന് രക്ഷപെട്ട നല്ല കൂട്ടുകാരാ.. പ്രണാമം.
ആ ആത്മാവിന്റെ മോക്ഷത്തിനായി പ്രാർത്ഥനകളോടെ ഈ കൂട്ടുകാരനും.

ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ ഇലവുംതിട്ട

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *