സന്നിധാനം – ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാർ അവതരിപ്പിച്ച ഗാനസന്ധ്യ ഭക്തിസാന്ദ്രം. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഭക്തിഗാനാർച്ചന നടത്തി ഭക്തരുടെ മനം കുളിർപ്പിച്ചത്. പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ കീഴിലുളള ഇൻസ്പെക്ഷൻ സ്ക്വാഡ്, സാനിറ്റേഷൻ സ്ക്വാഡ് തുടങ്ങി വിവിധ സ്ക്വാഡുകളായി പ്രവർത്തിക്കുന്ന ജീവനക്കാരാണിവർ. 34 പേരുടെ സംഘമാണ് ഗാനാർച്ചനയിൽ പങ്കാളികളായത്. അയ്യപ്പ ഗീതങ്ങളും കൃഷ്ണ സ്തുതികളും ദേവീ സ്തുതികളും ശിവസ്തുതികളും ഉൾപ്പടെയുള്ള ഉൾപ്പടെ നിരവധി ഗാനങ്ങൾ ആലപിച്ചു. ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ഗാനാർച്ചനയിൽ 12 ഗാനങ്ങളാണ് ആലപിച്ചത്.
വെങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂർ പിണറായി സ്വദേശിയായ പ്രമോദ് കണ്ണന്റെയും വൈത്തിരി താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്കും വയനാട് സ്വദേശിയുമായ ഹരീഷ് നമ്പ്യാരുടെയും നേതൃത്വത്തിലാണ് ഗാനാർച്ചന അരങ്ങേറിയത്. ശ്രീരഞ്ജിനി, പ്രണവപ്രിയ തുടങ്ങിയ മ്യൂസിക് ട്രൂപ്പുകളിലെ ഗായകനാണ് പ്രമോദ്. സംഗീത ആൽബം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി സംഗീത ലോകത്ത് സജീവമാണ് ഹരീഷും. അയ്യപ്പന്റെ മൂന്ന് സംഗീത ആൽബങ്ങൾ ഉൾപ്പടെ നിരവധി ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
അവിചാരിതമായാണ് ഡ്യൂട്ടിക്കിടെ സന്നിധാനത്ത് ഗാനാർച്ചന അവതരിപ്പിക്കാൻ അവസരം ലഭിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. ജനുവരി 3 മുതൽ 11 വരെയാണ് ഇവർക്ക് ഡ്യൂട്ടിയുള്ളത്.


