പന്തളം കോളജിലെ എസ്എഫ്‌ഐ – എബിവിപി സംഘട്ടനം : പ്രതിപ്പട്ടികയിലില്ലാതിരുന്ന സെനറ്റിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട വിദ്യാർത്ഥിയും റിമാൻഡിൽ

Kerala Pathanamthitta Politics
Print Friendly, PDF & Email

പന്തളം – എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി സുധി സദന്‍, കൊട്ടാരക്കര സ്വദേശിയായ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്്. ഇതില്‍ സുധി സദനെ ഗവര്‍ണര്‍ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായി നാമനിര്‍ദേശം ചെയ്തിരുന്നതാണ്. പ്രതിപ്പട്ടികയിലോ മര്‍ദനമേറ്റവരുടെ മൊഴിയിലോ പേരില്ലാതിരുന്നവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. സുധി 12-ാം പ്രതിയും വിഷ്ണു 13-ാം പ്രതിയുമാണ്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും പ്രതി ചേര്‍ത്ത് എന്ന ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നു.

ഡിസംബര്‍ 21 ന് ഉച്ചയ്ക്കാണ് ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് കോളജില്‍ സംഘട്ടനം നടന്നത്. ചെയര്‍മാന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. എസ്.എഫ്.ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായ വൈഷ്ണവ് (20), യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായ വിവേക് (20), അനന്തു (21), യദുകൃഷണന്‍ (20),സൂരജ് (19),ഹരികൃഷ്ണന്‍ (21),അനു എസ് കുട്ടന്‍ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ യദുകൃഷ്ണന്‍ ഭിന്നശേഷിക്കാരനാണ്. ഇതുമായി ബന്ധപ്പെട്ട് 11 പേരെയും കണ്ടാലറിയാവുന്നവരെയും സഹിതം 20 പേരെയാണ് പ്രതിയാക്കി കേസെടുത്തത്. ആദ്യത്തെ എഫ്‌ഐആറിലും മര്‍ദനമേറ്റവരുടെ മൊഴിയിലും ഇരുവരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ലെന്ന് പറയുന്നു. എന്നാല്‍, കണ്ടാലറിയാവുന്നവരുടെ കൂട്ടത്തില്‍ ഇവരുണ്ടായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

സുധിയും വിഷ്ണുവും കോളജിലെ എബിവിപിയുടെ പ്രമുഖ നേതാക്കളാണ്. ഇവരെ എല്ലാവര്‍ക്കും നന്നായി അറിയുകയും ചെയ്യാം. അങ്ങനെയുള്ളവരെ കണ്ടാലറിയാവുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടുവെന്ന ഒറ്റക്കാരണം കൊണ്ട് സുധിയെ കേസില്‍ പ്രതിയാക്കി ഗവര്‍ണര്‍ക്കെതിരേ ആയുധമാക്കാനാണ് നീക്കമെന്ന് പറയുന്നു.

ഗവര്‍ണര്‍ എസ്എഫ്‌ഐ പോരിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്എസ് കോളജില്‍ എസ്എഫ്‌ഐഎബിവിപി സംഘര്‍ഷം രൂക്ഷമായിരുന്നു. കോളജിന് മുന്നില്‍ എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ എബിവിപി ഗവര്‍ണറെ അനുകൂലിച്ച് എബിവിപിയും ബാനര്‍ ഉയര്‍ത്തി. എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറിലെ അക്ഷരത്തെറ്റ് നിരവധി ട്രോളുകള്‍ക്കും കാരണമായിരുന്നു. ഇതിന് പിന്നാലെ ടൗണിലെ ആര്‍എസ്എസ് കാര്യാലയം അടിച്ചു തകര്‍ക്കുകയും ചെയ്തു. ഏഴംകുളത്ത് ശ്രീനാഥ് എന്ന എബിവിപി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ മര്‍ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *