മുട്ടുമണ്ണിലെ വെയിറ്റിങ് ഷെഡിനു സമീപം ശരണ്യ വെച്ചിട്ടുപോയ സ്‌കൂട്ടർ മോഷ്ടിച്ച് കടന്ന വിരുതനെ പിടികൂടി

Crime Pathanamthitta

കുമ്പനാട് : കടയിലൊന്നു കയറാൻ സ്‌കൂട്ടർ ഒന്ന് വെച്ചിട്ടു പോകാൻ പോലും പറ്റാത്ത കാലമായി. കണ്ണുതെറ്റിയാൽ മോഷണം പോകും. മുട്ടുമൺ വെയ്റ്റിങ് ഷെഡിന് സമീപം വച്ചിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം ലക്ഷം വീട് കോളനിയിൽ കൈലാത്ത് വീട്ടിൽ സുബിൻ ജേക്കബ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ഏഴിന് രാവിലെ 10 ന് ശേഷമാണ് മോഷണം നടന്നത്.

കുറിയന്നൂർ നിരവിൽ കോളനിയിൽ നിരവിൽ വീട്ടിൽ ശരണ്യ ഓടിച്ചുകൊണ്ടുവന്നതാണ് സ്‌കൂട്ടർ. ശരണ്യയുടെ ബന്ധുവിന്റെ പേരിലുള്ളതാണ് സ്‌കൂട്ടർ, 75,000 രൂപ വിലവരും. മോഷണം നടന്ന സ്ഥലത്തിനു സമീപത്തെ കടകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ജയിലുകളിൽ നിന്നും സമീപകാലത്ത് മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, സംഭവദിവസത്തിന് തൊട്ടുമുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സുബിൻ ജേക്കബിലേക്ക് എത്തുകയുമായിരുന്നു.

നിരീക്ഷണത്തിനിടെ ഇയാളുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ അന്വേഷണസംഘം ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ചെങ്ങന്നൂർ ഹാച്ചറി ജങ്ഷനിൽ വണ്ടി വച്ചിട്ടുണ്ടെന്ന് മോഷ്ടാവ് അറിയിച്ചതിനെ തുടർന്ന് അവിടെയെത്തി പോലീസ് സ്‌കൂട്ടർ കണ്ടെടുത്തു. മാന്നാർ പോലീസ് സ്‌റ്റേഷനിലെ നാലു മോഷണകേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുബിൻ.

പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐമാരായ ഉണ്ണികൃഷ്ണൻ, സന്തോഷ് എ എസ് ഐ പ്രകാശ്, സി പി ഓമാരായ രതീഷ്, അനന്തകൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *