സ്‌കൂളുകളെ പൂർണമായും മാലിന്യമുക്തമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Pathanamthitta
Print Friendly, PDF & Email

*ജില്ലയിൽ വിദ്യാകരണം പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട – ജില്ലയിലെ സ്‌കൂളുകളെ പൂർണമായും മാലിന്യമുക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ പഞ്ചായത്തും, വിദ്യാഭ്യാസ വകുപ്പും ചേർന്നു സംഘടിപ്പിച്ച ജില്ലയിലെ സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ, പി.ടി.എ.പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എല്ലാ സ്‌കൂളുകളും ഊർജിത കർമ പരിപാടികൾ തയ്യാറാക്കണം.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതിലൂടെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ മികച്ച വിജയം കൈവരിക്കാം. തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സർക്കാരിന്റേയും നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തികളോടൊപ്പം പൂർവ വിദ്യാർത്ഥികൾ എന്നിവരേയും വികസന പ്രവർത്തനത്തിൽ പങ്കാളികളാക്കണം. സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും സെപ്റ്റംബർ 30 ന് ശുചിത്വ പ്രതിജ്ഞ സംഘടിപ്പിക്കണം. ഒക്ടോബർ ഒന്ന്, രണ്ട് ദിവസങ്ങളിൽ എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ശിശുദിനത്തിന്റെ ഭാഗമായി നവംബർ 14 ന് എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും കുട്ടികളുടെ ഗ്രാമസഭ നടത്തണം. വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നുംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച വിദ്യാകിരണം പദ്ധതി, മാലിന്യ മുക്ത നവകേരളം പദ്ധതി, ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച സമ്പൂർണ ശുചിത്വ പദ്ധതിയും വിജയിപ്പിക്കുവാൻ യോഗത്തിൽ തീരുമാനമായി. ശുചിത്വ പദ്ധതി, നവകേരള മിഷൻ പദ്ധതികൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായിജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗത്തിൽപ്പെട്ട 32 സ്‌കൂളുകൾക്കായി 29 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 78 ലാപ്‌ടോപ്പുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുർ, നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ജി.അനിൽകുമാർ, എസ്.എസ്.കെ.ജില്ലാ കോ-ഓർഡിനേറ്റർ ഡോ.പി ലജു, പത്തനംതിട്ട ഡി.ഇ.ഒ ബി.ആർ.അനില, കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് കുറ്റിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *