കോന്നി – സമാനതകളില്ലാത്ത വികസന ക്ഷേമപ്രവർത്തനങ്ങളുടെ വേദിയായി കേരളം മാറിയെന്നു ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. കോന്നി കെഎസ്ആർടിസി മൈതാനത്ത് നടന്ന കോന്നി മണ്ഡലം നവകേരള സദസ്സിൽ ജനങ്ങളോടു സംവദിക്കുകയായിരുന്നു മന്ത്രി. നാടിന്റെ മുഖച്ഛായ മാറുന്ന തരത്തിലാണ് എല്ലാ മണ്ഡലങ്ങളിലും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ, നാടിന്റെ ആവശ്യം അറിഞ്ഞുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ മുൻപുണ്ടായിരുന്ന വികസനമുരടിപ്പിന് അറുതി വരുത്തിക്കൊണ്ട് മികച്ച രീതിയിലുള്ള മുന്നേറ്റമാണ് കേരളത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോന്നി നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോരഹൈവേയുടെയും ദേശീയപാതയുടെയും വികസനം, തീരദേശ ഹൈവേയുടെയും ജലപാതയുടെയും പ്രവർത്തനം എന്നവയ്ക്കായി സർക്കാർ തുക വകയിരുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി വിവിധ മേഖലകളിൽ രാജ്യത്ത് ഒന്നാമതെത്താൻ കേരളത്തിന് കഴിഞ്ഞു. പല മേഖലകളിലും ലോകത്തെ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന തരത്തിലേക്ക് മാറാൻ കേരളത്തിന് കഴിഞ്ഞത് ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്റെ ശ്രമഫലമായിട്ടാണെന്നും മന്ത്രി പറഞ്ഞു.
നവകേരളയാത്രയും ലക്ഷങ്ങൾ പങ്കെടുത്ത നവകേരള സദസ്സും കേരളത്തിന് പുതിയ അനുഭവമാണ്. സർക്കാരും ജനപ്രതിനിധികളും ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ചർച്ച ചെയ്യുന്ന വേദിയാണിത്.
സാമൂഹിക ക്ഷേമപെൻഷൻ 1600 രൂപയായി ഉയർത്തി. 64 ലക്ഷത്തോളം ആളുകൾക്ക് സാമൂഹിക ക്ഷേമപെൻഷൻ വിതരണം ചെയ്തു. റവന്യു വകുപ്പ് കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പട്ടയം കൊടുത്ത് കഴിഞ്ഞു. ഏഴു ലക്ഷത്തോളം കുടുംബങ്ങൾ ലൈഫ് പദ്ധതിയിൽ സഹായം തേടി വന്നപ്പോൾ 3,56,108 കുടുംബങ്ങൾക്ക് ഇതുവരെ വീട് പൂർത്തിയാക്കി നൽകാൻ കഴിഞ്ഞു. ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ ആകെ 4,81,000 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് യാഥാർഥ്യമാകും. കേന്ദ്ര സർക്കാർ കുടിശിക വരുത്തിയ 57,400 ഓളം കോടി രൂപ മാത്രം ഉണ്ടായിരുന്നെങ്കിൽ അപേക്ഷിച്ച ഏഴു ലക്ഷത്തോളം പേർക്കും ഭവനനിർമാണം പൂർത്തിയാക്കാൻ കഴിയുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ. കെ.യു ജനീഷ്‌കുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പ്രസംഗിച്ചു.


