സന്നിധാനം – മണ്ഡലകാലം ആരംഭിച്ചതോടെ പതിവുപോലെ കലാകായിക സംഘങ്ങൾ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ തങ്ങളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തുന്നത് തുടരുന്നു. ഇന്ന് (നവംബർ 25)അരുവായി വി കെ എം കളരി സംഘത്തിന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് പ്രദർശനമായിരുന്നു നടന്നത്. കളരി ആശാൻ എം ബി വിനോദ് കുമാർ ഗുരുക്കളുടെ നേതൃത്വത്തിൽ നടന്ന പയറ്റ് കഴിഞ്ഞ 12 വർഷമായി സന്നിധാനത്ത് മുടങ്ങാതെ നടത്തിവരികയാണ്. എം സി ബാലൻ ഗുരുക്കൾ സ്ഥാപിച്ച 45 വർഷം പാരമ്പര്യമുള്ള കളരിസംഘം വന്ദനം മുതൽ ഉറുമി പയറ്റു വരെയാണ് കാഴ്ചവച്ചത്. ദേശീയ ഗയിംസ് മെയ്പ്പയറ്റ് സ്വർണ മെഡൽ ജേതാവ് കെ എ അഭിരാം, ഖേലോ ഇന്ത്യ ഖേലോ മെയ്പ്പയറ്റ് ജേതാക്കൾ ആയ വി എസ് സിധുൻ, ഹരി നന്ദൻ,വേദനാഥ് , കളരി വിദ്യാർത്ഥികൾ തുടങ്ങിയവർ കളരി പ്രദർശനം കാഴ്ചവച്ചു.



