റോബിനൊപ്പം പിടിക്കാൻ പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ കെഎസ്ആർടിസി വോൾവോ ബസ്സ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും മുന്നില്‍ തങ്ങളെ വെല്ലുവിളിക്കുകയും നാണം കെടുത്തുകയും ചെയ്ത റോബിന്‍ മോട്ടോഴ്‌സ് ഉടമ ഗിരീഷിനിട്ട് പണി കൊടുക്കാൻ കെഎസ്ആര്‍ടിസിയെ രംഗത്തിറക്കി ഗതാഗത വകുപ്പ്. റോബിന്‍ ബസ് പുലര്‍ച്ചെ സര്‍വീസ് നടത്തുന്ന പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഇന്ന് (ഞായര്‍) പുലര്‍ച്ചെ മുതല്‍ കെഎസ്ആര്‍ടിസി ലക്ഷ്വറി വോള്‍വോ ബസ് സര്‍വീസ് തുടങ്ങും. റോബിന്‍ അഞ്ചരയ്ക്കാണ് പുറപ്പെടുന്നതെങ്കില്‍ ലക്ഷ്വറി വോള്‍വോ പുലര്‍ച്ചെ നാലരയ്ക്ക്, ഒരു മണിക്കൂര്‍ മുമ്പേ പുറപ്പെടും.

പത്തനംതിട്ടയില്‍ നിന്നും പുലര്‍ച്ചെ 4. 30ന് ആരംഭിക്കുന്ന സര്‍വീസ് തിരികെ കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 4 .30 ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സര്‍വീസ്.

കോടതി പറയുന്നതു വരെ സര്‍വീസ് തുടരുമെന്ന് പ്രഖ്യാപിച്ച റോബിന്‍ ഗിരീഷിനെ പിഴ ചുമത്തി പേടിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രമിച്ചത്. എന്നാല്‍, വഴി നീളെ ബസിന് കിട്ടിയ പൊതുജന പിന്തുണ സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും ഞെട്ടിച്ചു. ആദ്യ സര്‍വീസില്‍ ബസില്‍ കൂടുതലായും ഉണ്ടായിരുന്നത് മാധ്യമ പ്രവര്‍ത്തകരും വ്‌ളോഗര്‍മാരുമായിരുന്നു. ഓരോ തവണ ബസ് തടയുമ്പോഴും മാധ്യമങ്ങള്‍ ലൈവ് സംപ്രേഷണം നടത്തി. നാട്ടുകാര്‍ ഇറങ്ങി നിന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ കൂവി വിളിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ നാണം കെടുകയും ചെയ്തു. ഓരോ തവണയും റോബിന്‍ ഉടമ ഗിരീഷ് മോട്ടോര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ചു. പിഴ ഈടാക്കാനുള്ള നോട്ടീസ് കൊടുക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത നിസഹായ അവസ്ഥയിലായിരുന്നു അവര്‍.

ബസ് പരിശോധിച്ച് പിഴ കൊടുക്കാം, പിടിച്ചെടുക്കാന്‍ പാടില്ലെന്ന കോടതിയുടെ ഇടക്കാല ഉത്തരവാണ് മോട്ടോര്‍ വാഹന വകുപ്പിന് തിരിച്ചടിയായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസിന് പുറപ്പെട്ട ബസ് 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് പരിശോധന നടത്തിയ ശേഷം 7500 രൂപ പിഴ ചുമത്തിയുള്ള നോട്ടീസ് ഉടമയ്ക്ക് നല്‍കി. പരിശോധനയുടെ പേരില്‍ അല്‍പനേരം ബസ് പിടിച്ചിട്ടു. പാലായില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രണ്ടാമത്തെ തടയല്‍. അങ്കമാലിയില്‍ വച്ച് മൂന്നാമഗും ബസ് തടഞ്ഞപ്പോഴേക്കും ജനം എം.വി.ഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയര്‍ന്നു. പതിനൊന്നരയോടെ ചാലക്കുടി പിന്നിട്ട ബസ്, പുതുക്കാട് എത്തിയപ്പോള്‍ വീണ്ടും എം.വി.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പിടിച്ചെടുക്കരുത് എന്ന ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടക്കി വിട്ടയച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *