തിരുവനന്തപുരം: വിഴിഞ്ഞത്തെ പോർട്ട് ഉദ്ഘാടന ആഘോഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മാമാങ്കം മാത്രമാണെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ യൂജിൻ പെരേര അഭിപ്രായപ്പെട്ടു. ഇതൊക്കെ എന്തിനാണ് ഇത്രയും വലിയ ആഘോഷം ആക്കുന്നത്. തുറമുഖത്തേക്ക് കപ്പൽ അടുക്കുന്നുണ്ടായിരുന്നുവെങ്കിൽ മനസ്സിലാക്കാം. കപ്പൽ അടുപ്പിക്കുന്ന ക്രെയിൻ ഇറക്കുന്നതാണ് ഇപ്പോൾ ആഘോഷമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പെരുമാതുറയിലും മുതലപ്പൊഴിയിലും മുങ്ങിമരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല. 145 ദിവസം നീണ്ട ഐതിഹാസിക സമരം നടന്നപ്പോൾ ഏഴ് വാഗ്ദാനങ്ങൾ ആണ് സർക്കാർ നൽകിയത് . ഒന്നുപോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭാ പ്രതിനിധികളുമായി ആലോചിക്കാതെ നോട്ടീസിൽ ആർച്ച് ബിഷപ്പുമാരുടെ പേര് വയ്ക്കുന്നു. അതെല്ലാം അനുചിതം തന്നെയാണ് .
ഈ തുറമുഖ നിർമ്മാണം തീരത്തെ ആർക്കും തൊഴിൽ സാധ്യത നൽകുന്നില്ല. 509 തൊഴിൽ നൽകുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. വല്ലാർപാടത്തെ പോലെ ട്രാൻസ്മൻ ഷിപ്പ് ആണിവിടെ കൊണ്ടുവരുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊതു ഖജനാവ് പണം ചെലവ് നടത്തിയുള്ള മാമാങ്കം മാത്രമാണ് ഇപ്പോൾ നടക്കുന്നത് .
സഹകരണ സംഘങ്ങളിലും മറ്റും നിക്ഷേപിച്ച ജനങ്ങൾക്ക് ചികിത്സയ്ക്കു പോലും പണം ലഭിക്കുന്നില്ല . അപ്പോഴാണ് സർക്കാർ ഈ ആഘോഷം ഇവിടെ നടത്തുന്നത്. സർക്കാരിന്റെ ആഘോഷ പരിപാടിയിൽ പോകരുതെന്ന് സഭ ആരെയും വിലക്കിയിട്ടില്ല. ആരെങ്കിലും പങ്കെടുക്കാൻ നിർദേശിച്ചിട്ടുമില്ല. വഞ്ചനാ ദിനവും കരിദിനവും ആചരിക്കാനുള്ള മത്സ്യത്തൊഴിലാളികളെ തങ്ങൾ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
വിഴിഞ്ഞം ഇടവക നാളെ കരിദിനം ആചരിക്കാൻ തീരുമാനിച്ചിരുന്നു. അത് കേട്ടയുടൻ മന്ത്രിമാർ ഒഴുകിയെത്തി അവരെ അനുനയിപ്പിക്കാൻ വാഗ്ദാനങ്ങൾ നൽകിയെന്ന് അറിയുന്നു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കിക്കൊണ്ട് വികസനത്തെയാണ് ചോദ്യം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഭയവും ആശങ്കയുമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഇടവക സർക്കാർ പരിപാടിയെ സ്വാഗതം ചെയ്തുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


