ശബരിമല: നിറപുത്തരി ആഘോഷത്തിനും, പൂജകൾക്കുമായി ശബരിമല നട ബുധനാഴ്ച തുറക്കും. ഓഗസ്റ്റ് 10 നാണു ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമായി അയ്യപ്പ സന്നിധിയിൽ നെൽക്കതിർ പൂജിക്കുന്ന നിറപുത്തരി ആഘോഷം. നിറപുത്തരിപൂജകൾക്കായി 10 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് നിറപുത്തരിക്കായി ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച നെൽകറ്റകൾ മേൽശാന്തി ആചാരപൂർവ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ട് പോകും. പൂജകൾക്ക് ശേഷം തന്ത്രി നെൽകതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. 10 ന് പുലർച്ചെ 5:45 നും 6.15 നുമിടയ്ക്കുള്ള മുഹൂർത്തത്തിലാണ് നിറപുത്തരിപൂജ. തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ നിറപുത്തരിച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
ഇത്തവണ തമിഴ്‍നാട്ടിൽ നിന്നടക്കമുള്ള കതിർകറ്റകൾ നിറപുത്തിരി പൂജകൾക്കായി എത്തിക്കുന്നുണ്ട്. പതിവ് പോലെ ആറന്മുള പുഞ്ചയിൽ നിന്നുമുള്ള കതിർകറ്റകളും ഉണ്ടാകും .


