ഏരിയാ സെക്രട്ടറിയുടെ ഭാര്യയ്ക്ക് 20 ലക്ഷം ഉടനടി വായ്പ: നേതാക്കൾക്ക് മുഴുവൻ വാരിക്കോരി വായ്പ: കുറ്റൂർ സഹകരണ ബാങ്കിലെ സഖാക്കളുടെ വൻ ക്രമക്കേടുകൾ പുറത്ത്
തിരുവല്ല: സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന വൻ സഹകരണ ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. ഏരിയാ സെക്രട്ടറിയുടെ ഭാര്യയ്ക്ക് 20 ലക്ഷം വായ്പ നൽകിയതിന് പിന്നാലെ സിപിഎമ്മിന്റെ നേതാക്കളും വ്യാജവിലാസം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിന് പുതിയ കെട്ടിടം നിർമ്മിച്ചതിൽ ചട്ടലംഘനവും സാമ്പത്തിക ക്രമക്കേടും നടന്നു.
സിപിഎം ഭരിക്കുന്ന കുറ്റൂർ സഹകരണ ബാങ്കിലാണ് നേതാക്കന്മാർ വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ബാങ്ക് സാമ്പത്തികമായി തകർച്ചയുടെ വക്കിലാണെന്നും നഷ്ടംവരുത്തിയവരിൽ നിന്ന് അത് ഈടാക്കാൻ നടപടി എടുക്കണമെന്നും സഹകരണ വകുപ്പ് തിരുവല്ല യൂണിറ്റ് ഇൻസ്‌പെക്ടർ ആർ. ദേവദാസ് തയ്യാറാക്കിയ 40 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയുടെ ഭാര്യ സ്വപ്ന ദാസിന് വ്യാജവിലാസത്തിൽ 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വപ്ന ദാസിന് അംഗത്വം നൽകിയ അതേ ദിവസം തന്നെ വായ്പ നൽകാൻ ഭരണ സമിതി തീരുമാനിച്ചുവെന്നത് ക്രമക്കേടിന്റെയും ഗൂഢാലോചനയുടെയും ആഴം വ്യക്തമാകുന്നതാണ്. അതേസമയം ഈ വായ്പ ജൂലൈ മാസത്തിൽ തിരിച്ചടച്ചുവെന്നാണ് ഏരിയാ സെക്രട്ടറിയുടെ വിശദീകരണം. കടപ്ര പരുമല വടക്കേ പറമ്പിൽ എന്നതാണ് സ്വപ്ന ദാസിന്റെ യഥാർഥ മേൽവിലാസം. എന്നാൽ സ്വപ്ന ദാസ്, വടക്കേ പറമ്പിൽ, വെൺപാല എന്നതാണ് വായ്പ എടുക്കുന്നതിനായി ബാങ്കിൽ നൽകിയ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസം. ഈ മേൽവിലാസത്തിൽ സ്വപ്നാ ദാസ് എന്നൊരാളില്ലെന്ന് സഹകരണ വകുപ്പ് നടത്തിയ അനേ്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലയിലെ ചില പ്രമുഖ സിപിഎം നേതാക്കളടക്കം ഇത്തരത്തിൽ വ്യാജ വിലാസം ഉപയോഗിച്ച് കുറ്റൂർ സഹകരണ ബാങ്കിൽ നിന്നും വായ്പ നേടിയെടുത്തതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. വെൺപാല സ്വദേശി ജോമോൻ സി. ജോസഫിന്റെ ആധാരം പണയപ്പെടുത്തി ജോസ് കെ. അലക്‌സ്, സനോജ് ജേക്കബ്, ഷൈനി സി. ജോസഫ് , ആനി ജോസഫ് എന്നീ അഞ്ചുപേർക്ക് അരക്കോടി രൂപയിൽ അധികം വായ്പ നൽകിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ബാങ്കിന് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നതിന് 60 ലക്ഷം രൂപ ചെലവിടാൻ ആയിരുന്നു അനുമതി. എന്നാൽ ചെലവിട്ടത് രണ്ടര കോടി രൂപയാണ്. രണ്ട് നില കെട്ടിടത്തിന്റെ അനുമതിയിൽ മൂന്നുനില പണിതു. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തയാളെ ഒഴിവാക്കി ഉയർന്ന നിരക്കിലാണ് കെട്ടിടത്തിന്റെ കരാർ നൽകിയത്. സാനിട്ടറി, പ്ലംബിങ് സാധനങ്ങൾ വാങ്ങിയതും സമാനമായ തരത്തിൽ തന്നെ. ചിട്ടി നടത്തിപ്പിലെ തിരിമറി സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ബാങ്കിൽ പണയം വച്ച സ്വർണം ഇടപാടുകാർ അറിയാതെ മറ്റൊരു ഷെഡ്യൂൾ ബാങ്കിൽ മറിച്ച് പണയം വച്ചുവെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം അടക്കം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. അതേസമയം ബാങ്കിന് നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഭരണ സമിതി പ്രസിഡന്റ് അനീഷ് പ്രതികരിച്ചു.
ജാമ്യം നിൽക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഒപ്പിടുവിച്ച് സ്വന്തം പാർട്ടിക്കാരുടെ പേരിൽ ലോണെടുത്ത് സിപിഎം ലോക്കൽ കമ്മറ്റിയംഗമായ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തട്ടിപ്പ് നടത്തിയെന്ന ആരോപണം പുറത്തു വന്നത് രണ്ടു വർഷം മുമ്പാണ്. ഡയറക്ടർ ബോർഡ് അംഗമായ കെ.ഓ. സാബുവിനെതിരേ ആയിരുന്നു ആരോപണം. സംസ്ഥാന സഹകരണ രജിസ്ട്രാർ ജനറലിനും സഹകരണ വിജിലൻസ് വിഭാഗത്തിനും പരാതി പോകുമെന്ന് വന്നതോടെ സിപിഎം നേതൃത്വം ഇടപെട്ട് പണം തിരികെ അടയ്ക്കാൻ ഒരു മാസം സാവകാശം അനുവദിച്ചു. മുൻപും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളയാളാണ് സാബു. പാർട്ടിയുടെ സജീവ പ്രവർത്തകരെയാണ് ഇയാൾ വെട്ടിലാക്കിയത്. തനിക്ക് ഒരു ലോണിന് ജാമ്യം നിൽക്കാൻ വിളിച്ചു വരുത്തിയ സഹകാരികളെയാണ് ഇയാൾ ചതിച്ചത്. ജാമ്യം നിൽക്കുകയാണെന്ന് അവരോട് പറഞ്ഞെങ്കിലും തങ്ങളുടെ പേരിലാണ് വായ്പയെന്ന് ബാങ്കിൽ നിന്ന് കുടിശിക നോട്ടീസ് ചെന്നപ്പോഴാണ് മനസിലായത്. നോട്ടീസ് കിട്ടിയവർ ഓടി ബാങ്കിൽ ചെന്നപ്പോഴാണ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ സാബു ചെയ്ത കൊലച്ചതി മനസിലായത്. ഇരുപതു വർഷമായി ബാങ്കിൽ ബോർഡ് അംഗമാണ് സാബു. സിപിഎം പ്രവർത്തകനെ ജാമ്യം നിൽക്കാൻ വിളിച്ചു വരുത്തി അയാളുടെ പേരിൽ വായ്പ എടുക്കുകയും ഒരു അധ്യാപികയെ ജാമ്യം നിർത്തുകയുമാണ് ചെയ്തത്. നാലു ലക്ഷം രൂപയാണ് വായ്പ എടുത്തതെന്ന് പറയുന്നു.


