ഈ ചിത്രങ്ങൾ കണ്ടെങ്കിലും ആരുടെയെങ്കിലും കണ്ണ് തുറക്കുമോ ?

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – തകർന്നു തരിപ്പണമായ ജില്ലാ ആസ്ഥാനം പുനർനിർമിക്കാൻ അധികാരികളുടെ കണ്ണു തുറക്കാൻ വേണ്ടി മൂന്നു ചിത്രകാരന്മാരുടെ ചിത്രമെഴുത്ത്.ഏറ്റവുമധികം നരകയാതനയുള്ള കുമ്പഴ റോഡ് തുടങ്ങുന്ന കണ്ണങ്കരയിലാണ് സ്മൃതി ബിജു, ജോൺസൺ ജെ. അടൂർ, രാജൂസ് കുളനട എന്നിവർ ചേർന്ന് ചിത്രം വരച്ച് പ്രതിഷേധിച്ചത്. ഒരു ജില്ലാ ആസ്ഥാനത്തിനും പത്തനംതിട്ടയുടെ ഗതി വരുത്തരുതേയെന്ന പ്രാർത്ഥനയോടെയായിരുന്നു ചിത്രകാരന്മാരുടെ വരയരങ്ങ്.

നഗരത്തിലെ റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെടുകയും നിത്യേനെയെന്നോണം അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നതിൽ മനംനൊന്താണ് കുമ്പഴ സ്വദേശി സ്മൃതി ബിജു ശനിയാഴ്ച്ച വൈകിട്ട് കണ്ണങ്കര ജങ്ഷനിൽ വരയരങ്ങ് സംഘടിപ്പിക്കുമെന്ന് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്. സ്മൃതി ബിജുവിന് പിന്തുണയുമായി ജോൺസൺ ജെ അടൂരും രാജൂസ് കുളനടയും എത്തിയതോടെ വരയരങ്ങ് ഏറെ ശ്രദ്ധേയമാവുകയായിരുന്നു. റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി അധികാരികളുടെ ശ്രദ്ധയിലെത്തിക്കാനുള്ള ചെറിയ ശ്രമമാണ് കലാകാരൻമാരെന്ന നിലയിൽ തങ്ങൾ ചെയ്യുന്നതെന്ന് സ്മൃതി ബിജു പറഞ്ഞു.

അപകടങ്ങളിൽ പൊലിയുന്ന മനുഷ്യ ജീവനുകളെപ്പറ്റി അധികാരികളുടെയും പൊതു സമൂഹത്തിത്തിന്റെയും മനസ്സാക്ഷിയെ ഉണർത്തുന്നതിന് ലക്ഷ്യമിട്ടാണ് സ്മൃതി ബിജു തന്റെ ചിത്രം വരച്ചത്. റോഡുകൾ തകർന്ന അവസ്ഥയിലാകുമ്പോൾ നഷ്ടമാകുന്ന വിലപ്പെട്ട സമയം പ്രമേയമാക്കിയ ചിത്രമാണ് രാജൂസ് കുളനട കാൻവാസിൽ വരച്ചത്. തകർന്ന റോഡുകളെ മനുഷ്യ ജീവനുകളെ വിഴുങ്ങാൻ കൊതിയോടെ നിൽക്കുന്ന രാക്ഷസനോടുപമിക്കുന്നതായിരുന്നു ജോൺസൺ ജെ അടൂരിന്റെ ചിത്രം.

നിങ്ങൾ എത്ര വരച്ചാലും ഇവിടെ ആർക്കും ഒരു നാണവും ഉണ്ടാവാൻ പോകുന്നില്ലെന്ന നിരാശയാണ് യാത്രക്കാർ പങ്കുവച്ചത്. എന്നാൽ കലാ സൃഷ്ടികൾക്ക് സമൂഹ മനസാക്ഷിയെയും അധികാരികളുടെ ശ്രദ്ധയേും ആകർഷിക്കാൻ കഴിയുമെന്നും ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകുമെന്നുമുള്ള പ്രതീക്ഷയാണ് കലാകാരൻമ്മാർക്ക് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *