വളരെക്കാലത്തിനു ശേഷം സെന്റ് പീറ്റേഴ്‌സ് ജംഗ്‌ഷനിൽ വീണ്ടും പച്ച തെളിഞ്ഞു :

Pathanamthitta

പത്തനംതിട്ട: നഗരത്തിൽ ഒന്നര വർഷമായി പൊളിഞ്ഞുകിടന്ന ട്രാഫിക് സിഗ്‌നൽ സംവിധാനം ആധുനികസൗകര്യങ്ങളോടെ പുനഃസ്ഥാപിച്ചു. തിരക്കേറിയ സെന്റ് പീറ്റേഴ്‌സ് ജങ്ഷനിലെ സിഗ്‌നൽ സംവിധാനമാണ് ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലിനെത്തുടർന്ന് പുതിയ സവിശേഷതകളോടെ വീണ്ടും പ്രവർത്തനക്ഷമമാക്കിയത്.

പോസ്റ്റുകൾ ഒടിഞ്ഞുവീഴാവുന്ന നിലയും റോഡ് അപകടങ്ങൾ വർധിക്കുന്ന സ്ഥിതിയും ജില്ലാ പോലീസ് റോഡ് സുരക്ഷാ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പോസ്റ്റുകളുടെ അപകടാവസ്ഥയ്ക്ക് പുറമെ ലൈറ്റുകൾ കത്താതെയും വയറുകളെല്ലാം മുറിഞ്ഞ നിലയിലുമായിരുന്നു. സിഗ്‌നൽ സംവിധാനത്തിലെ എല്ലാ ഭാഗങ്ങളും പുതുക്കി പുനസ്ഥാപിച്ചു.

പുതിയ പോസ്റ്റുകൾ ഇട്ടും ലൈറ്റുകൾ പിടിപ്പിച്ചും കൺട്രോൾ പാനൽ മാറ്റിയും പുത്തൻ പ്രവർത്തനരീതികൾ അവലംബിച്ചും ആധുനിക രൂപത്തിലാക്കി. സംവിധാനം പുനസ്ഥാപിച്ച ശേഷം ട്രയൽ റൺ നടത്തുകയും ചെയ്തു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സിഗ്‌നൽ പ്രവർത്തന സജ്ജമാകുന്ന നിലയിലായിക്കഴിഞ്ഞു.

തിരക്കേറിയ സമയങ്ങൾ ഉൾപ്പെടെ പല സമയങ്ങളിൽ പല രീതികളിൽ ഇനിമുതൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓരോ ദിവസവും ഓരോ റോഡിലും പല തരത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന മേൻമയുമുണ്ട്. ഓരോ നിരത്തിനും വ്യത്യസ്തമായ സമയം(സെക്കന്റുകൾ) സെറ്റ് ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. റോഡിന്റെ ആവശ്യമനുസരിച്ച് സമയക്രമീകരണം നടത്താനാവും. പ്രവർത്തനരീതിയിലും മറ്റും മുമ്പുണ്ടായിരുന്ന ന്യൂനതകളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

മൈലപ്ര റോഡിൽ നിന്നുള്ള വാഹനങ്ങൾ ഹൈമാസ്റ്റ് ലൈറ്റ് ചുറ്റാതെ വലത് തിരിഞ്ഞു തിരുവല്ല റോഡിൽ പോകാവുന്നതാണ്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കാം. നേരെയും വലത്തും വേവ്വേറെയായാണ് പുതിയ സിഗ്‌നൽ സംവിധാനത്തിൽ കൊടുത്തിരിക്കുന്നത്. 24 മണിക്കൂറും പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് കൺട്രോൾ പാനൽ സജ്ജമാക്കിയിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ നിലയിൽ പ്രോഗ്രാം ചെയ്യാനും കഴിയും. രാവിലെ എട്ടു മണിമുതൽ വൈകിട്ട് എട്ട് വരെയുള്ള ഒറ്റ പ്ലാനിൽ ഒരു പ്രോഗ്രാമാണ് ട്രയൽ റണ്ണിനെ തുടർന്ന് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെന്നും, നാളെ മുതൽ ഇതുപ്രകാരം എല്ലാ വാഹനങ്ങളും പോകേണ്ടതാണെന്നും മികച്ച ഗതാഗത സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എല്ലാവരും ട്രാഫിക് സിഗ്‌നൽ അനുസരിച്ച് വാഹനങ്ങൾ ഓടിക്കണമെന്നും ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ജില്ലാ പോലീസിന്റെ നോഡൽ ഓഫീസറായ, ജില്ലാ നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ എ വിദ്യാധരൻ പുതിയ സംവിധാനത്തിന്റെ പ്രവർത്തനം വിലയിരുത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *