ഏറ്റവും വലിയ കയ്യെഴുത്ത് മലയാളം ബൈബിൾ ഒരുക്കി ലോക റെക്കോർഡ്

Kerala Special World

തിരുവല്ല: ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് മലയാളം ബൈബിൾ ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ് റെക്കോർഡിന് അർഹരായി. ദുബായി മാർത്തോമ ഇടവക അംഗങ്ങളായ തിരുവല്ല അഴിയിടത്തുചിറ കുഴിക്കാട്ട് വീട്ടിൽ
മനോജ്‌ എസ്സ് വർഗീസും അദ്ദേഹത്തിന്റെ ഭാര്യ ഡോ.സൂസനും മക്കളായ കരുണും കൃപയും ചേർന്ന് 417 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ മലയാളത്തിലുള്ള കയ്യെഴുത്ത് കോപ്പി തയ്യാറാക്കിയിരിക്കുന്നത്.ആഗസ്റ്റ് 18ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവല്ല വേങ്ങൽ ശാലേം മാർത്തോമ പള്ളിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് മാർത്തോമ സഭാ കുന്നംകുളം – മലബാർ ഭദ്രാസനം അധിപൻ റൈറ്റ്. റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പ്രകാശന കർമ്മം നിർവഹിക്കും. യു.ആർ.എഫ് വേൾഡ് റെക്കോർഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ.സുനിൽ ജോസഫ് സർട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിക്കും.

36 കിലോഗ്രാം ഭാരമുള്ള ‘എ2’ പേപ്പർ സൈസിൽ 70ൽ പരം പേജുകളിൽ ചിത്രങ്ങളും ഉൾപെടുത്തി എഴുതിയുണ്ടാക്കിയ ഈ ഭീമൻ ബൈബിളിൽ 1795 പേജുകളാണുള്ളത്. 65.5 സെ.മീറ്റർ നീളവും, 48.5 സെ.മീറ്റർ വീതിയുമുള്ള ബൈബിൾ കയ്യെഴുത്ത്പ്രതി ദുബായിലെ ട്രൂലൈൻ കമ്പനിയാണ് ബൈൻഡ് ചെയ്തത്.പുറംചട്ട നിർമ്മിച്ചിരിക്കുന്നത് ഇറ്റാലിയൻ ലതറിൽ ആണ്.മനോജും കുടുംബവും എഴുതുന്ന വീഡിയോകളും മറ്റ് രേഖകളും യു.ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് അയച്ചുകൊടുത്തിരുന്നു.

ഇതിന് മുമ്പ് 2020ൽ മനോജും കുടുംബവും തയ്യാറാക്കിയ ബൈബിളിൻ്റെ ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതി ഗിന്നസ് വേൾഡ് റെക്കോർഡും, യു.ആർ.എഫ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരുന്നു.മക്കൾക്ക് സമ്മാനമായി നൽകുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജിൽ എഴുതുവാനാണ് ആദ്യം ഡോ.സൂസൻ തീരുമാനിച്ചത്. ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തുന്ന മനോജ്‌ എസ്സ് വർഗീസാണ് മതിയായ അന്വേഷണങ്ങൾക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിൾ എഴുതുവാൻ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലർക്കുമായി വീതിച്ചു നൽകി.

മനോജും കുടുംബവും തങ്ങളുടെ മാതൃ ഇടവകയ്ക്ക് ബൈബിൾ കൈമാറും.അവിടെ പ്രത്യേക പേടകത്തിൽ ഈ ബൈബിൾ പ്രദർശിപ്പിക്കുവാനാണ് പദ്ധതി.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *