കൊച്ചി – നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ഇടപ്പള്ളി മുതൽ അരൂർ വരെ ആകാശപാതയ്ക്ക് ദേശീയപാത അതോറിറ്റിയുടെ നീക്കം. ഇടപ്പള്ളി മുതൽ അരൂർവരെയുള്ള 18 കിലോമീറ്റർ ദൂരത്തിൽ ഇപ്പോൾ ദിനംതോറും അരലക്ഷം വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നും അടുത്ത മൂന്ന് വർഷത്തിൽ ഇത് പ്രതിദിനം ഒരുലക്ഷം കടക്കുമെന്നും വിലയിരുത്തപ്പെടുന്നു. 35 മിനിറ്റിൽ താഴെസമയം കൊണ്ട് എത്താൻ കഴിയുന്ന ഈ ദൂരം ഇപ്പോൾ ഗതാഗതക്കുരുക്ക് മൂലം മൂന്ന് മണിക്കൂർ വരെ നീളുന്നു.
ഇടപ്പള്ളിയിലും പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും ഫ്ളൈഓവർ വന്നിട്ടും തിരക്കിന് കുറവില്ല.
അഞ്ച് ദേശീയപാതകളാണ് അരൂർ- ഇടപ്പള്ളി റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നത് .കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് റോഡ്, കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസ് എന്നിവ മൂന്നു വർഷത്തിനുള്ളിൽ ഇടപ്പള്ളി-അരൂർ റോഡുമായി ബന്ധിപ്പിക്കുന്നതോടെ വരുന്ന വലിയ ഗതാഗതത്തെ ഉൾക്കൊള്ളാൻ ആറുവരി ആകാശപ്പാത വേണമെന്ന നിർദ്ദേശം എറണാകുളം ജില്ലയിലെ ദേശീയപാത പദ്ധതികളുടെ അവലോകന യോഗത്തിൽ ദേശീയപാത അതോറിറ്റി മുന്നോട്ട് വച്ചു. ഡിപിആർ ഉടൻ തയാറാക്കുമെന്നും അറിയിച്ചു.
ഭൂമി ഏറ്റെടുക്കൽ പ്രയാസകരമായ ഈ പ്രദേശത്ത് ഇതല്ലാതെ മറ്റു മാർഗമില്ല.
ഇടപ്പള്ളിയിൽ നിന്നു തുറവൂർ വരെയുള്ള ഇരുവശത്തും സ്ഥാപനങ്ങളും വീടുകളും തിങ്ങി നിറഞ്ഞ പ്രദേശത്ത് സ്ഥലം ഏറ്റെടുത്തുള്ള വികസനം പ്രായോഗിക മല്ലെന്നു വിലയിരുത്തിയാണ് ആകാശപ്പാത പദ്ധതിയെന്ന് ദേശീയപാത അധികൃതർ വിശദീകരിച്ചു.
ഇടപ്പള്ളിയിൽ നിന്ന് അരൂർ വരെ 18 കിലോമീറ്ററിനോടൊപ്പം അരൂരിൽ നിന്നു തുറവൂർ വരെ നേരത്തെ പ്രഖ്യാപിച്ച 13 കിലോമീറ്റർ ആകാശപ്പാതയുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രഥമ പദ്ധതിയിലുള്ളത്.
അരൂരിൽ നിന്നു തുറവൂർവരെ 26 മീറ്റർ വീതിയിൽ ആറുവരി ഗതാഗതത്തിനുള്ള സൗകര്യം ഉയരപാതയിലുണ്ടാവും.
1,668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്ര നാസിക്കിലെ അശോക ബിൽഡ്‌കോൺ കമ്പനി നിർമ്മാണക്കരാർ ഏറ്റെടുത്തിട്ടുള്ള ഈ ഉയരപ്പാത നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വലിയ തൂണുകൾ സ്ഥാപിച്ചാണ് നിർമ്മിക്കുന്നത്.
കുണ്ടന്നൂർ, വൈറ്റില എന്നിവിടങ്ങളിലെ പാലങ്ങൾ അതേ പോലെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും പാലാരിവട്ടം പാലത്തിന് ഇരുവശങ്ങളിലും ഓരോ വരി വീതി കൂട്ടുകയോ താഴേക്കിറങ്ങാവുന്ന സർവീസ് റോഡ് നടപ്പാക്കുകയോ വേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു.. ഇടപ്പള്ളി കടന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്നവർക്ക് ബ്ലോക്കിൽ നിന്ന് രക്ഷനേടാനുള്ള ഈ ആകാശപാതയുടെ കൃത്യമായ രൂപരേഖ തയ്യാറാക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

