ന്യൂയോർക്ക് – പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദിജി താലി ’ ഒരുക്കി ന്യൂജഴ്‌സിയിലെ ഒരു റസ്‌റ്റോറന്റ്. ഖിച്ഡി, രസഗുള, ദം ആലു, ഇഡ്‌ലി, ധോക്‌ല, പപ്പടം തുടങ്ങിയ നിരവധി വിഭവങ്ങൾ പ്രത്യേകമായി താലിയിൽ ഒരുക്കിയിട്ടുണ്ട്. ‘മോദി ജി താലി’ വലിയ ജനപ്രീതി നേടുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വേണ്ടിയും പ്രത്യേക താലി തയ്യാറാക്കുമെന്നും റസ്റ്റോറന്റ് ഉടമ ശിപഥ് കുൽകർണി പറഞ്ഞു. ഇന്ത്യൻ പതാകയുടെ നിറം അനുസ്മരിപ്പിക്കും വിധം കുങ്കുമം, പച്ച, വെള്ള നിറങ്ങളിലാണ് ഇഡ്‌ലി ഒരുക്കിയിരിക്കുന്നത്. താലിൽ തയ്യാറാക്കിയിട്ടുള്ള വിഭവങ്ങളെ കുറിച്ച് റസ്റ്റോറന്റ് ഉടമ പരിചയപ്പെടുത്തുന്ന വിഡിയോ എഎൻഐ പങ്കുവച്ചിട്ടുണ്ട്.
ഈ മാസം 22നാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുന്നത്. അമേരിക്കൻ സന്ദർശനത്തോടെ യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ രണ്ടാം തവണയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും മോദി.


