പത്തനംതിട്ട – വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ജൂൺ 19 മുതൽ ജൂലൈ ഏഴ് വരെയാണ് വായനപക്ഷാചരണം സംഘടിപ്പിക്കുക. വായനദിനമായ ജൂൺ 19ന് രാവിലെ 9.30ന് കാരംവേലി എസ്എൻഡിപി ഹയർസെക്കൻഡറി സ്‌കൂളിൽ വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ജൂലൈ ഏഴിന് തോട്ടക്കോണം ഗവ എച്ച്എസ്എസിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. സംസ്ഥാന സർക്കാരും ജില്ലാ ലൈബ്രറി കൗൺസിലും പി.എൻ. പണിക്കർ ഫൗണ്ടേഷനും വിവിധ വകുപ്പുകളും സംയുക്തമായാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ഗ്രന്ഥശാലകൾ, സ്‌കൂൾ-കോളജുകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ രക്ഷാധികാരിയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ചെയർമാനും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ ജനറൽ കൺവീനറും പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ. നസീർ കൺവീനറും വിവിധ വകുപ്പ് പ്രതിനിധികളും സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകരും നാഷണൽ സർവീസ് സ്‌കീം ജില്ലാ കോ-ഓർഡിനേറ്ററും അംഗങ്ങളായ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.
ജൂൺ 19ന് എല്ലാ സ്‌കൂളുകളിലും ലൈബ്രറികളിലും പി.എൻ. പണിക്കർ അനുസ്മരണം നടത്തും. ജൂൺ 20നും 21നും ഗ്രന്ഥശാലകൾക്കു സമീപത്തെ സ്‌കൂളുകളിൽ പുസ്തകങ്ങളുടെ പ്രദർശനം നടത്തും. ഗ്രന്ഥശാലാ ഭാരവാഹികൾ പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തും. ജൂൺ 22ന് ജി. ശങ്കരപ്പിള്ള (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും.
ജൂൺ 24നും 25നും ഗ്രന്ഥശാലാ പരിസരത്തുള്ള എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. പുസ്തകോത്സവങ്ങളിൽ നിന്നും വാങ്ങിയ പുതിയ പുസ്തകങ്ങളുടെയും വായനമത്സരത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പുസ്തകങ്ങളുടെയും പ്രദർശനം രണ്ടു ദിവസങ്ങളിലായി എല്ലാ ഗ്രന്ഥശാലകളിലും നടത്തും. ജൂൺ 26ന് എല്ലാ ഗ്രന്ഥശാലകളിലും ലഹരി വിരുദ്ധ സദസ് സംഘടിപ്പിക്കും. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ 60 സ്‌കൂളുകളിൽ ലഹരി വിരുദ്ധദിനം ആചരിക്കും. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ക്ലബുകളിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും.
ജൂൺ 27നും,28നും എല്ലാ ഗ്രന്ഥശാലകളും വരിക്കാരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ വീടുകൾ നേരിട്ട് സന്ദർശിച്ച് കാമ്പയിൻ നടത്തും.
ജൂൺ 29ന് വായനാക്കുറിപ്പ് തയാറാക്കും. ജൂൺ 30ന് ഇടപ്പള്ളി രാഘവൻപിള്ള (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും.
ജൂലൈ ഒന്നിന് പി. കേശവദേവ് (ചരമദിനം), പൊൻകുന്നം വർക്കി (ജന്മദിനം), എൻ.പി. മുഹമ്മദ് (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും. ജൂലൈ രണ്ടിന് പൊൻകുന്നം വർക്കി (ചരമദിനം) അനുസ്മരണം സംഘടിപ്പിക്കും. എല്ലാ ലൈബ്രറികളിലും ബാലവേദി കൂട്ടുകാരുടെ ഒത്തു ചേരൽ വർണകൂടാരം സംഘടിപ്പിക്കും. സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പഠിതാക്കൾക്കായി വായനാമത്സരം സംഘടിപ്പിക്കും. ജൂലൈ മൂന്നിന് മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ കെ. ദാമോദരൻ (ചരമദിനം) അനുസ്മരണം സംഘടിപ്പിക്കും. കോന്നി എഇഒയുടെ ചുമതലയിൽ കോന്നി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിക്കും.
ജൂലൈ നാലിന് കഥാപ്രസംഗ കലയിലെ കുലപതിയായിരുന്ന വി. സാംബശിവൻ (ജന്മദിനം) അനുസ്മരണം സംഘടിപ്പിക്കും. ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ (ചരമദിനം), തിരുനല്ലൂർ കരുണാകരൻ (ചരമദിനം) അനുസ്മരണം സംഘടിപ്പിക്കും.
ജൂലൈ ആറിന് ഗ്രന്ഥശാലകൾക്കു സമീപത്തെ സ്‌കൂളുകളിൽ മദേഴ്സ് പിടിഎയുടെ ആഭിമുഖ്യത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള അമ്മവായന പദ്ധതിക്ക് തുടക്കംകുറിക്കും. ജൂലൈ ഏഴിന് ഐ.വി. ദാസ് ജന്മദിനത്തിൽ എല്ലാ ലൈബ്രറികളിലും അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഇതോടൊപ്പം വായനക്കുറിപ്പിന്റെ സമ്മാനദാനവും നടത്തും.
ജൂലൈ എട്ടിന് പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിൽ പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ക്വിസ്മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിക്കും. ഉത്തരവാദിത്ത സമൂഹം എന്ന ആശയത്തിൽ ജില്ലയിലെ ആറു താലൂക്കുകളിലെ ആറു സ്‌കൂളുകളിൽ പി.എൻ. പണിക്കർ ഫൗണ്ടേഷനും നാഷണൽ സർവീസ് സ്‌കീമുമായി സഹകരിച്ച് കാമ്പയിൻ സംഘടപ്പിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 44 ജൻഡർ റിസോഴ്സ് സെന്ററുകളിൽ ആസ്വാദനകുറിപ്പ് മത്സരം, കഥപറച്ചിൽ, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും തീരുമാനമായി.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം പ്രൊഫ. ടി.കെ.ജി. നായർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി. ആനന്ദൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഫാ. ഡോ. ഏബ്രഹാം മുളമ്മൂട്ടിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ. നസീർ, കാൻഫെഡ് ജില്ലാ പ്രസിഡന്റ് എസ്.അമീർജാൻ, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ വി.കെ. അശോക് കുമാർ, യുവജനക്ഷേമബോർഡ് ഓഫീസർ എസ്.ബി. ബീന, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.വി. അനിൽ, ജില്ലാ ലൈബ്രറി ഓഫീസർ കെ.എസ്. രാജേഷ്, എസ്എസ്‌കെ ഡിപിഒ എ.കെ. പ്രകാശ്, നാഷണൽ സർവീസ് സ്‌കീം പി.എ.സി. എൻ. അനുരാഗ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കാശിനാഥൻ, കുടുംബശ്രീ ഡിപിഎം പി.ആർ. അനൂപ, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി എസ്. അജയൻ, ഡിഇഒ ഓഫീസ് പ്രതിനിധി എസ്. ദീപു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.


