ദേശീയ പാതാ നിലവാരത്തിൽ നാലു വരി പാത ഒരു സ്വപ്നം മാത്രമാകുമോ ?

Kerala Pathanamthitta

പത്തനംതിട്ട: പ്രഖ്യാപനത്തിന് യാതൊരു കുറവുമില്ല. പക്ഷേ, ഫണ്ടെവിടെ എന്ന് മാത്രം ചോദിക്കരുത്. അത്തരത്തിലൊന്നാണ് ദേശീയപാത നിലവാരത്തിൽ നാലുവരി പാതകൾ അടക്കം നിർമിക്കാനുള്ള പദ്ധതി. പ്രഖ്യാപനം വന്നതിന് പിന്നാലെ ഫണ്ടു ലഭ്യതയുടെ കാര്യത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കൈമലർത്തുകയാണ്. നിലവിലെ പാതകൾ ഉന്നതനിലവാരത്തിൽ വികസിപ്പിക്കുന്ന പതിവു പദ്ധതികൾ നടത്തി ദേശീയ പാത പ്രഖ്യാപനം നടത്തുന്നതൊഴിച്ചാൽ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വികസന പ്രക്രിയയ്ക്കു പണം അനുവദിക്കാൻ സർക്കാരുകൾ തയാറല്ല.

ഭരണിക്കാവ് മുണ്ടക്കയം 183 എ ദേശീയപാത, മലയോര മേഖലയിലൂടെയുള്ള നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ എന്നിവയുടെ വികസനമാണ് നിലവിൽ അനിശ്ചിതത്വത്തിലായിരിക്കുന്നത്. രണ്ട് പദ്ധതികളും കേന്ദ്ര
സഹായത്തോടെയാണെങ്കിലും ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ ഇടപെടലുണ്ടാകണം. എന്നാൽ പുതിയ പദ്ധതിക്കുള്ള സാമ്പത്തിക ബാധ്യത എത്ര മാത്രമാകുമെന്നതു സംബന്ധിച്ച് ധനവകുപ്പും ആശങ്കയിലാണ്.

116 കിലോമീറ്ററാണ് നിർദിഷ്ട 183 എ ദേശീയപാതയ്ക്ക് നിർദേശിക്കപ്പെട്ടിരിക്കുന്ന ദൈർഘ്യം. കൊല്ലം ജില്ലയിൽ ആറു കിലോമീറ്റർ മാത്രമേയുള്ളൂ. പത്തനംതിട്ട ജില്ലയിൽ 82.5 കിലോമീറ്ററും കോട്ടയത്ത് കണമല മുതൽ മുണ്ടക്കയം വരെ 27.5 കിലോമീറ്ററുമാണ് ദൂരം. ഇലുവങ്കൽ മുതൽ പമ്പ വരെ ശബരിമല തീർഥാടകരുടെ സൗകര്യാർഥം ലിങ്ക് റോഡും പ്രഖ്യാപിച്ചിരുന്നു.

കൊല്ലം-ദിണ്ടിഗൽ ദേശീയപാത വഴിമാറിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയ്ക്കുവേണ്ടി പ്രഖ്യാപിച്ച ലിങ്ക് പാതയാണ് ഭരണിക്കാവ്-മുണ്ടക്കയം 183 എ ദേശീയപാത. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്നാരംഭിച്ച് അടൂർ, പത്തനംതിട്ട, മണ്ണാരക്കുളഞ്ഞി, വടശേരിക്കര, പ്ലാപ്പള്ളി വഴി മുണ്ടക്കയത്തെത്തി കൊല്ലം ദിണ്ടിഗൽ ദേശീയപാതയുമായി ചേരുന്നതാണ് പദ്ധതി. കൊല്ലത്തു നിന്നാരംഭിച്ച് അഞ്ചാലുംമൂട്, കുണ്ടറ, ഭരണിക്കാവ്, ചാരുംമൂട്, കൊല്ലകടവ്, ചെങ്ങന്നൂർ, കോട്ടയം വഴി കെ.കെ റോഡിൽ കയറുന്നതാണ് 183 ദേശീയപാത. ഇതിനായി പദ്ധതി പ്രഖ്യാപിച്ചെങ്കിലും പിന്നാലെ വന്ന 183 എ ദേശീയപാതയുടെ വികസനം എങ്ങനെ നടത്തുമെന്നു നിശ്ചയമില്ല. ദേശീയ പാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിലേക്ക് സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതം വഹിച്ചു കൊള്ളാമെന്നു സമ്മതം അറിയിച്ചിട്ടുള്ളതാണ്. എന്നാൽ ഇക്കൂട്ടത്തിൽ 183 എ ഇല്ല.

നിലവിലുള്ള റോഡ് ദേശീയപാത നിലവാരത്തിൽ ടാർ ചെയ്യുന്നതിനുള്ള പണമാണ് ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. റോഡ് വീതി കൂട്ടുന്നതിനും ബൈപാസ് നിർമാണത്തിനും ഭൂമി ഏറ്റെടുക്കലിന് ഫണ്ടു തികയില്ല. റോഡു വികസനത്തിന്റെ ആദ്യഘട്ടത്തിൽ അനുവദിച്ചത് 30.18 കോടി രൂപയാണ്. ഇതുപയോഗിച്ച് ഭരണിക്കാവ് മുതൽ നെല്ലിമൂട്ടിൽപടി വരെയും മുണ്ടക്കയം മുതൽ എരുമേലി വരെയും ഉന്നതനിലവാരത്തിൽ ടാറിങ് നടത്തി. ഭരണിക്കാവ് നെല്ലിമൂട്ടിൽപ്പടി വരെയുള്ള ഭാഗത്തിന് 13.68 കോടി രൂപയും കണമല എരുമേലി ഭാഗത്തിന് 16.5 കോടി രൂപയും വിനിയോഗിച്ചു. അടുത്ത ഘട്ടമെന്ന നിലയിൽ കൈപ്പട്ടൂർ-പത്തനംതിട്ട പാതയ്ക്ക് എട്ടു കോടിയും മണ്ണാരക്കുളഞ്ഞി-പ്ലാപ്പള്ളി പാതയ്ക്ക് 47 കോടി രൂപയുമാണ് അനുവദിച്ചത്. ഇതുപയോഗിച്ചുള്ള ടാറിങ് ജോലികളും പൂട്ടുകട്ട പാകലുമൊക്കെ ഈ ഭാഗത്തു നടന്നുവരുന്നു.

ദേശീയപാത നിലവാരത്തിൽ റോഡ് ഉയരുന്നതോടെ നിലവിലുള്ള പാതയിൽ ചില മാറ്റങ്ങളും ബൈപാസുകളും നിർദേശിച്ചിരുന്നു. ബൈപാസുകൾക്ക് 45 മീറ്റർ വീതി വരെയാണ് ദേശീയപാത അതോറിറ്റിയുടെ ശിപാർശ. ഇത്രയും വീതിയിൽ സ്ഥലം ഏറ്റെടുത്ത് റോഡ് നിർമാണം നടത്താൻ സംസ്ഥാന സർക്കാർ ഇടപെടലും സാമ്പത്തിക സഹകരണവും ഉണ്ടാകണം. എന്നാൽ നിലവിൽ ഇതിനുള്ള ശ്രമം ഇല്ല. അടൂർ, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട തുടങ്ങിയ ടൗണുകളിലാണ് പ്രധാനമായും ബൈപാസുകൾ നിർദേശിക്കപ്പെട്ടിരിക്കുന്നത്. 183 എ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കലിനു യാതൊരു നടപടിയും ദേശീയ പാത അഥോറിറ്റിയും നടത്തിയിട്ടില്ല.

നിർദിഷ്ട ദേശീയപാതയ്‌ക്കൊപ്പം തന്നെ സംസ്ഥാന സർക്കാർ മുൻ
കൈയെടുത്താണ് എംസി റോഡിനു സമാന്തരമായി പുതുതായി നാലുവരിപ്പാത അങ്കമാലി-തിരുവനന്തപുരം ഗ്രീൻഫീഡ് ഹൈവേ എന്ന പേരിൽ നിർദേശിക്കപ്പെട്ടത്. ഇതിനായി ഭൂമി ഏറ്റെടുക്കൽ ചുമതല ദേശീയപാത അതോറിറ്റി ഓഫീസുകൾക്ക് നൽകിയിട്ടുണ്ട്. 240 കിലോമീറ്ററും നാലുവരി പാതയുമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം റോഡു വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടിവരും. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നാല് താലൂക്കുകളിലെ ഭൂമിയേറ്റെടുക്കൽ ചുമതല ദേശീയപാത അതോറിറ്റി ആലപ്പുഴ ഓഫീസിനാണ് നൽകിയിട്ടുള്ളത്. ദേശീയപാത 66ന്റെ സ്ഥലമേറ്റെടുക്കൽ ജോലികൾ നടത്തിയ ഓഫീസിനാണ് പുതുതായി ഗ്രീൻഫീൽഡ് ഹൈവേയുടെ ചുമതല നൽകിയിട്ടുള്ളത്. ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ഇനി 600 കോടി രൂപയെങ്കിലും ആലപ്പുഴ ഓഫീസിന് ആവശ്യമായിട്ടുണ്ട്. പുതിയ സ്ഥലമേറ്റെടുക്കൽ നടപടിക്കു നിർദേശമുണ്ടായപ്പോൾ പണത്തിന്റെ ലഭ്യത സംബന്ധിച്ച് ഉത്തരവിൽ വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള ആറു ജില്ലകളിലെ 13 താലൂക്കുകളിലെ 72 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഭോപ്പാൽ ആസ്ഥാനമായുള്ള ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന സ്ഥാപനം തയാറാക്കിയിട്ടുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടാണ് ഇപ്പോൾ ദേശീയപാത അതോറിറ്റിയുടെ കൈവശവുമുള്ളത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *