പണ്ട് കാട്ടൂർ മനയിലെ കാരണവർ ചിങ്ങമാസത്തിലെ തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിൽ സദ്യ തയ്യാറാക്കി എത്തിച്ചിരുന്നു. ഇങ്ങനെ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യ എത്തിച്ച വഞ്ചിയാണ് പിന്നീട് പ്രസിദ്ധമായ തിരുവോണത്തോണിയായി അറിയപ്പെട്ടത്. ഇപ്പോൾ പഴയ തോണിക്ക് പകരം പുതിയ തോണിയാണ് ഉപയോഗിക്കുന്നത് . പണ്ട് തിരുവോണത്തോണിക്ക് നേരെ തസ്കരന്മാരുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് കാട്ടൂർ ഭട്ടതിരിക്കുവേണ്ടി തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാൻ പമ്പയുടെ കരകളിലെ കരക്കാർ ചുണ്ടൻവള്ളങ്ങൾ ഉണ്ടാക്കി രംഗത്തു വരികയും തിരുവോണത്തോണിക്ക് സംരക്ഷണം ഒരുക്കാൻ അകമ്പടി സേവിക്കുകയും ചെയ്തിരുന്നു.. ആറന്മുളയിലെ ചുണ്ടൻവള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണു അറിയപ്പെടുന്നത്. ആദ്യകാലത്തു 48 പള്ളിയോടങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ 52 പള്ളിയോടങ്ങളാണ് ഉള്ളത്. കാട്ടൂരിൽ നിന്നും ഉത്രാടരാത്രിയിൽ പുറപ്പെട്ട് തിരുവോണപ്പുലർച്ചെ ആറന്മുളയിൽ എത്തുന്ന തോണിയെയും അവയ്ക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെയും കൂടുതൽ പേർക്കു കാണാൻ സാധിക്കാതെ വന്നതിനാലാണ് തിരുവോണം കഴിഞ്ഞു മറ്റൊരു ദിവസംകൂടി പള്ളിയോടങ്ങൾ എല്ലാം ആറന്മുളയിൽ എത്താൻ തീരുമാനിച്ചത്. അതു പാർഥസാരഥിവിഗ്രഹ പ്രതിഷ്ഠാദിനമായ ഉത്തൃട്ടാതി നാളിലെന്നു നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആറന്മുള ജലമേളയുടെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്


