ന്യൂഡൽഹി: സി.പി.ഐ, എൻ.സി.പി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഇനി പ്രാദേശിക പാർട്ടികൾ മാത്രം. ജനപ്രാതിനിധ്യ നിയമത്തിലെ ആറ് ബി (3) ചട്ടപ്രകാരം കുറഞ്ഞത് നാലു സംസ്ഥാനങ്ങളിൽ നിന്ന് ആകെ പോൾ ചെയ്‌ത വോട്ടിൽ ആറു ശതമാനം ലഭിക്കാത്ത സാഹചര്യത്തിലാണിത്. സി.പി.ഐയുടെ ലോക്‌സഭയിലെ രണ്ട് എം.പിമാരും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. നിയമസഭയിൽ കേരളം കഴിഞ്ഞാൽ തമിഴ്നാട്ടിലും ബിഹാറിലും മാത്രമാണ് സാന്നിധ്യം.
അതേസമയം പഞ്ചാഞ്ചിലും ഡൽഹിയിലും ഭരണകക്ഷിയാവുകയും ഗോവയിലും ഗുജറാത്തിലും നിയമസഭാ സീറ്റുകൾ നേടുകയും ചെയ്ത ആംആദ്‌മി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ പാർട്ടി പദവി നൽകി. ആംആദ്‌മി ഗുജറാത്തിൽ 12 ശതമാനം വോട്ടോടെ അഞ്ച് സീറ്റും, ഗോവയിൽ ആറു ശതമാനത്തിൽ കൂടുതൽ വോട്ടോടെ രണ്ടു സീറ്റുമാണ് നേടിയാണ് .
ദേശീയ പദവി കിട്ടാൻ
* ദേശീയ പാർട്ടിയായി അംഗീകരിക്കണമെങ്കിൽ നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായിരിക്കണം
* അല്ലെങ്കിൽ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിലെ മൊത്തം ലോക്സഭാ സീറ്റുകളിൽ രണ്ട് ശതമാനം സീറ്റുകളെങ്കിലും നേടണം
* ഒരു സംസ്ഥാനത്ത് നിന്ന് നാല് എം.പിമാർക്കു പുറമേ ലോക് സഭാ തിരഞ്ഞെടുപ്പിലോ നിയമസഭ തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിൽ
6 % വോട്ടുകൾ ലഭിച്ചാലും മതി
* ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട പാർട്ടി അംഗീകാരമില്ലാത്ത സംസ്ഥാനങ്ങളിൽ മത്സരിച്ചാൽ സ്ഥാനാർത്ഥികൾക്ക് പൊതുചിഹ്നം ലഭിക്കില്ല


