വെള്ളം കയറിയ പ്രദേശങ്ങളിൽ കഴിയുന്നവർ രോഗങ്ങൾക്കെതിരെ മുൻകരുതൽ പാലിക്കണം

Pathanamthitta Alappuzha
Print Friendly, PDF & Email

പത്തനംതിട്ട – വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവർ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു. പാമ്പുകടി, ജലജന്യരോഗങ്ങൾ, ജന്തുജന്യരോഗങ്ങൾ, കൊതുകുജന്യരോഗങ്ങൾ, മലിനജലസമ്പർക്കം മൂലമുണ്ടാകുന്നരോഗങ്ങൾ എന്നിവയ്ക്കെതിരെ കരുതൽവേണം.

ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
ജലജന്യരോഗങ്ങൾ തടയാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ സോപ്പും ശുദ്ധമായവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ, കുളിക്കുകയോ, കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. വെള്ളക്കെട്ടുകളിൽ അകപ്പെട്ടവർ, വെള്ളം കയറിയ സ്ഥലങ്ങൾ വൃത്തിയാക്കിയവർ , മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മലിനജലവുമായി സമ്പർക്കമുണ്ടായ എല്ലാവരും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുക. വെള്ളപ്പൊക്കബാധിതപ്രദേശങ്ങളിലെ കിണറുകളും ജലസംഭരണികളും സൂപ്പർക്ലോറിനേഷൻ നടത്തിയശേഷം മാത്രം ഉപയോഗിക്കുക. വെള്ളപ്പൊക്കത്തോടനുബന്ധിച്ച് വീടുകൾക്കുള്ളിൽ പാമ്പുകൾ കയറാൻ സാധ്യതയുള്ളതിനാൽ വീടുകൾ വൃത്തിയാക്കുമ്പോൾ അതീവ ശ്രദ്ധപുലർത്തണം. വൈദ്യുതാഘാതമേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കണം. മഴക്കാലത്ത് കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയവയ്ക്കു സാധ്യതയുള്ളതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *