പത്തനംതിട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ 25 പ്ലറ്റൂണുകൾ അണിനിരക്കും ; കലക്ടറേറ്റിൽ ആലോചന യോഗം ചേർന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ എ നിസാമുദ്ദീന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആലോചന യോഗം ചേർന്നു. പൊലിസ് (മൂന്ന്), ഫോറസ്റ്റ് (ഒന്ന്), ഫയർ ഫോഴ്സ് (രണ്ട്), എക്സൈസ് (ഒന്ന്), സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ്സ് (ആറ്), സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് (ഏഴ്), ജൂനിയർ റെഡ് ക്രോസ് (നാല്), എൻസിസി (ഒന്ന്) എന്നിങ്ങനെ 25 പ്ലറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരക്കും. സ്‌കൂൾ ടീമുകളുടെ ബാൻഡ് സെറ്റുണ്ടാകും. സാംസ്‌കാരിക പരിപാടിയും അരങ്ങേറും. പരേഡിന്റെ പൂർണ ചുമതല പത്തനംതിട്ട എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡിനാണ്.

ഓഗസ്റ്റ് 10, 11, 13 തീയതികളിൽ പരേഡ് റിഹേഴ്സൽ നടത്തും. ആദ്യ രണ്ടു ദിവസം വൈകിട്ട് മൂന്നു മുതലും ഓഗസ്റ്റ് 13 ന് രാവിലെ എട്ടിനുമാണ് റിഹേഴ്സൽ. ആഘോഷത്തിന്റെ ഏകോപനചുമതല കോഴഞ്ചേരി തഹസിൽദാർക്കാണ്. സ്വാതന്ത്ര്യദിനം പിഴവുകളില്ലാതെ ഭംഗിയായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ അവരുടെ ചുമതല കൃത്യമായി നിർവഹിക്കണമെന്ന് ജില്ല കലക്ടർ പറഞ്ഞു.
ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, എഡിഎം ആർ രാജലക്ഷ്മി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *