പത്തനംതിട്ട – ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ‘മേരാ യുവ ഭാരത്’ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ആപ്ദ മിത്ര പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കം. മൈ ഭാരത് വോളന്റിയർമാർക്ക് പ്രത്യേകം രൂപകൽപന ചെയ്ത ദുരന്തനിവാരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ല കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എസ് പ്രേം കൃഷ്ണൻ പത്തനംതിട്ട ടൗൺ എസ്എൻഡിപി ഹാളിൽ നിർവഹിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സുരേഷ് ബാബു അധ്യക്ഷനായി.
ജില്ലയിലെ മൈ ഭാരത് വോളന്റിയർമാരിൽ നിന്നും തിരഞ്ഞെടുത്ത 150 പേർക്ക് വിവിധ ഘട്ടങ്ങളിൽ പരിശീലനം നൽകും. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള രീതി, ദുരന്തമുഖങ്ങളിലെ ഏകോപനവും പ്രവർത്തനവും, രക്ഷാപ്രവർത്തനത്തിനുള്ള മുന്നൊരുക്കം, ബേസിക് ലൈഫ് സപ്പോർട്ട്, പ്രാഥമിക ജീവൻരക്ഷാ വിദ്യ എന്നീ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക പരിശീലനവും ഏഴു ദിവസമുള്ള ക്യാമ്പിൽ സംഘടിപ്പിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ, ഐ.ഡി. കാർഡുകൾ, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവ വിതരണം ചെയ്യും. ദുരന്തസമയങ്ങളിൽ പ്രാദേശികതലത്തിൽ ഉടനടി പ്രതികരിക്കാൻ ശേഷിയുള്ള സന്നദ്ധ സേനയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
ദുരന്തനിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ജില്ല ഹസാർഡ് അനലിസ്റ്റ് ചാന്ദിനി പി. സി. സേനൻ, ദുരന്തനിവാരണ പ്ലാൻ കോർഡിനേറ്റർ അനി തോമസ് ഇടിക്കുള, ജില്ല യൂത്ത് ഓഫീസർ പി. സന്ദീപ് കൃഷ്ണൻ, യുവ ആപ്ദ മിത്ര മാസ്റ്റർ ട്രെയിനർ വി. അഭിനവ് എന്നിവർ പങ്കെടുത്തു.


